കുമളി: വോട്ടിങ് അവസാനിക്കുന്നതിന് അരമണിക്കൂർ ബാക്കിനിൽക്കേ യു.ഡി.എഫ്.-എൽ.ഡി.എഫ്. സംഘർഷം. മൂന്നുപേർക്ക് പരിക്ക്. സംഘർഷത്തിനിടയിലേക്ക്‌ വാഹനത്തിലെത്തിയ എൻ.ഡി.എ. പ്രവർത്തകരുടെ ജീപ്പിന്റെ പടുത സംഘർഷക്കാർ വലിച്ചുകീറി.

ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. കുമളി ടൗണിനോട് ചേർന്നുള്ള എൽ.ഡി.എഫ്.-യു.ഡി.എഫ്. ബൂത്തുകളിലെ പ്രവർത്തകർ തമ്മിലായിരുന്നു വോട്ടെടുപ്പിനെച്ചൊല്ലി സംഘർഷം. വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക്‌ പോവുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ എൽ.ഡി.എഫ്. പ്രവർത്തകരായ ശ്രീക്കുട്ടൻ, പർവീസ് എന്നിവരുടെ കൈക്ക്‌ പരിക്കേറ്റു. ഇവരെ പിന്നീട് അറുപത്തിയാറാംമൈലിലെ ആശുപത്രിയിലേക്ക്‌ മാറ്റി. തുടർന്ന് സംഘടിച്ചെത്തിയ എൽ.ഡി.എഫ്. പ്രവർത്തകരുടെ അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകനായ സാബു ജോർജിന്റെ തലയ്ക്കും മുഖത്തിനും പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

പോലീസിന്റെ നേതൃത്വത്തിൽ വളരെ കഷ്ടപ്പെട്ടാണ് സ്ഥലത്തെ സംഘർഷാവസ്ഥ ഒഴിവാക്കിയത്.

ഇതിനിടയിൽ ഇതുവഴി ജീപ്പിലെത്തിയ എൻ.ഡി.എ. പ്രവർത്തകരെ സംഘർഷക്കാർ തടയുകയും വാക്കേറ്റം നടത്തുകയും ചെയ്തു. തുടർന്ന് ജീപ്പിന്റെ പടുത സംഘർക്കാർ വലിച്ചുകീറുകയായിരുന്നു. പോലീസ് ഇടപെട്ടാണ് പിന്നീട് പ്രശ്നം പരിഹരിച്ചത്. സ്ഥലത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.