കോട്ടയം: ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികൾക്കൊപ്പം ശക്തമായി നിലകൊണ്ട എൻ.എസ്.എസ്. തുടർച്ചയായ രണ്ടാം തിരഞ്ഞെടുപ്പിലും അതേ നിലപാട് ശക്തമായി ഉന്നയിച്ചത് ചർച്ചയായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിശ്വാസസംരക്ഷണ വിഷയം ശക്തമായി പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചത് എൻ.എസ്.എസ്. ആയിരുന്നു.

രാഷ്ട്രീയത്തിന് അതീതമായി വിശ്വാസത്തിനും ആചാരത്തിനും വേണ്ടി ശക്തമായി നിലകൊള്ളുക എന്ന നിലപാടാണ് അവർ കൈക്കൊണ്ടത്. ഇൗ നിലപാട് സ്വാഭാവികമായും സുപ്രീംകോടതി വിധി ശക്തമായി നടപ്പാക്കാനിറങ്ങുകയും യുവതികളെ ശബരിമലയ്ക്ക്‌ കൊണ്ടുപോവുകുയും ചെയ്ത ഇടതുസർക്കാരിന് തിരിച്ചടിയായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേരിട്ട ശക്തമായ തിരിച്ചടി ശബരിമല കാരണമാണെന്ന് പാർട്ടി നേതാക്കൾ തന്നെ സമ്മതിച്ചിരുന്നു.

ഇൗ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഘട്ടത്തിലും എൻ.എസ്.എസ്. നേതൃത്വം വിശ്വാസസംരക്ഷണത്തിൽ തങ്ങൾ സ്വീകരിച്ചുവരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ വിഷയം വീണ്ടും കത്തിപ്പടർന്നു. ഇതേ വിഷയത്തിൽ സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിക്കും എതിരെ ശക്തമായ വിമർശനം എൻ.എസ്.എസ്. ഉയർത്തി.

തിരഞ്ഞെടുപ്പ് ദിവസം വിശ്വാസവിഷയം വീണ്ടും ചർച്ചയാക്കി എൻ.എസ്.എസ്. പോളിങ് ദിന അജൻഡയും നിർണയിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയിലെ വിശ്വാസം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു ചർച്ച. ആരാണ് വിശ്വാസം സംരക്ഷിക്കുന്നതെന്നും വിശ്വാസികളുടെ വോട്ട് ആർക്കെന്നതും നേതാക്കൾ സംസാരവിഷയമാക്കി.