ധർമശാല: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിനെ കൈയേറ്റംചെയ്തു. ആന്തൂർ അയ്യങ്കോലിലെ ഗവ. യു.പി. സ്കൂളിൽ എത്തിയപ്പോഴാണ് കൈയേറ്റവും ആക്രമണവുമുണ്ടായത്. കള്ളവോട്ട് ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം നടന്നതെന്ന് അബ്ദുൾ റഷീദ് പറഞ്ഞു. ജനാധിപത്യം പൂർണമായി അട്ടിമറിച്ച മണ്ഡലത്തിൽ റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബൂത്ത് സന്ദർശനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെത്തിയപ്പോൾ സി.പി.എം. പ്രവർത്തകർ തടയുകയും അസഭ്യം പറയുകയും വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തതായി അബ്ദുൾ റഷീദ് പറഞ്ഞു. ആന്തൂർ നഗരസഭയിൽ 35 ബൂത്തുകളിൽ കടമ്പേരി ഒഴികെ ഒരു ബൂത്തിലും ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ല. കടമ്പേരി 117-ാം നമ്പർ ബൂത്തിൽ വോട്ട്‌ ചെയ്യാൻ എത്തിയയാളെ സി.പി.എം. പ്രവർത്തകർ വോട്ട് ചെയ്യാൻ സമ്മതിച്ചില്ല. ഇതിനെ ചോദ്യം ചെയ്ത ചീഫ് ഏജൻറും മുസ്‌ലിം ലീഗ് നേതാവുമായ സമദ് കടമ്പേരി ഉൾപ്പെടെയുള്ളവരെ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നും അദ്ദേഹം പരാതിപ്പെട്ടു.

കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന വോട്ടർമാരെ മുഴുവൻ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്ന സ്ഥിതിയാണ് ആന്തൂർ നഗരസഭയിലുടനീളം കണ്ടത്. ഒരു ബൂത്തിലും സ്ഥാനാർഥിയെന്നനിലയിൽ കയറാൻപോലും അനുവദിച്ചില്ല. ഇടത് സ്ഥാനാർഥിയുടെ മൊറാഴയിലെ ബൂത്തിൽപോലും വ്യാപക കള്ളവോട്ടുകൾ നടന്നു. 80-കാരന്റെ വോട്ട്‌ ചെയ്യാൻ എത്തിയ 22-കാരനെ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണമെന്ന് പ്രിസൈഡിങ് ഓഫീസറോട് ആവശ്യപ്പെട്ടുവെങ്കിലും സി.പി.എം. പ്രവർത്തകർ രക്ഷപ്പെടുത്തി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.