കൊല്ലം : ചൊവ്വാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 73.07 ശതമാനം വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ 35 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിലടക്കം ഒരിടത്തും കാര്യമായി പ്രശ്നങ്ങളുണ്ടായില്ലെന്നത് തിരഞ്ഞെടുപ്പുചുമതല വഹിക്കുന്നവർക്ക് ആശ്വാസമായി.

ഇ.എം.സി.സി. പ്രസിഡന്റ്‌ ഷിജു എം.വർഗീസിനെ പെട്രോൾ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി, മുരുക്കുമണ്ണിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചുണ്ടായ തർക്കം തുടങ്ങി ചില്ലറ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉണ്ടായത്. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉയർന്നുവരുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. വെബ്കാസ്റ്റിങ് സംവിധാനവും കൺട്രോൾ റൂമും പോലീസ് സേനയും ബൂത്ത് ലെവൽ ഓഫീസർമാരും ഹരിതകർമസേനയുമടക്കം വലിയൊരു കൂട്ടായ്മയുടെ കാര്യക്ഷമമായ പ്രവർത്തനമായിരുന്നു തിരഞ്ഞെടുപ്പിൽ കണ്ടത്.