തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇരട്ടവോട്ട് വിവാദം പുകഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ലെന്ന് വിലയിരുത്തൽ.

ഇരട്ടവോട്ട് പരാതി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലെത്തിച്ചതോടെ ഒന്നിലധികം ബൂത്തിലെ പട്ടികയിൽ ഉൾപ്പെട്ടവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്ന് തിരഞ്ഞടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു. നാലുലക്ഷത്തോളം ഇരട്ടവോട്ടുകൾ ഉണ്ടെന്ന പരാതിവന്നതോടെ ബൂത്തുതലത്തിൽതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനകൾ നടത്തി 38,586 വോട്ടുകൾ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. ഈ പട്ടിക അതത് ബൂത്തുകളിലെ പ്രിസൈഡിങ്‌ ഓഫീസർമാർക്ക് നൽകുകയും ചെയ്തു.

ഇരട്ടവോട്ട് ചെയ്താൽ കർശന നടപടികൾ വരുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒന്നിലധികം പട്ടികകളിൽ പേരുവന്നവർ ഇരട്ടവോട്ടുകൾക്ക് മുതിർന്നില്ലെന്നാണ് കരുതുന്നത്. ഇത്തരത്തിൽ വോട്ടിങ് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടുമില്ല. അതേസമയം, ഒന്നിലധികം പട്ടികയിൽ പേര് ഉൾപ്പെട്ടവരിൽ ചിലരെങ്കിലും ആശങ്കകൾമൂലം വോട്ടുചെയ്യാൻ എത്തിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തപാൽവോട്ടിന്റെ പേരിൽ കള്ളവോട്ടുകൾ നടന്നിട്ടുണ്ടെന്നും ആക്ഷേപമുയർന്നു. തപാൽ വോട്ടിന് അപേക്ഷിക്കുകയും പിന്നീട് വേണ്ടെന്നുവെക്കുകയും ചെയ്തവരിൽ ചിലരുടെ വോട്ടുകൾ മറ്റുള്ളവർ ചെയ്തുപോയ സംഭവങ്ങളുണ്ടായി. ഇത്തരത്തിൽ ഏതാനുംപേർക്ക് വോട്ടുചെയ്യാനാവാത്ത സാഹചര്യമുണ്ടായി. ചിലയിടങ്ങളിൽ ഇതിന്റെപേരിൽ ചലഞ്ച് വോട്ടുകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്.