ഹരിപ്പാട്: വോട്ടു ചെയ്തുകഴിയുമ്പോൾ കേൾക്കുന്ന ബീപ് ശബ്ദത്തിന്റെ തീവ്രത തീരെ കുറവായിരുന്നത് വോട്ടർമാരിൽ സംശയമുണ്ടാക്കി. മുമ്പ് 20 സെക്കൻഡ് വരെ നീണ്ടുനിൽക്കുന്ന ബീപ് ശബ്ദമാണ് കേട്ടിരുന്നത്. ഇത്തവണ തീരെ ചെറിയ ശബ്ദമായിരുന്നു. ഇതോടെ വോട്ടു വീണോയെന്ന് വോട്ടർമാർ ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ തുടർച്ചയായുള്ള ബീപ് ശബ്ദം ഒരു പകൽമുഴുവൻ കേൾക്കേണ്ടിവരുന്നത് ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പു കമ്മിഷൻ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതിലെ ആശ്വാസം ഉദ്യോഗസ്ഥർ പങ്കുവെച്ചു.

വിവിപാറ്റിന് കൂടുതൽ വ്യക്തത

വോട്ടുചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടുന്ന സ്ലിപ്പാണ് വിവിപാറ്റിലൂടെ പുറത്തേക്കുവരുന്നത്. മുമ്പ് ഇത് കാണാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ഇത്തവണ വിവിപാറ്റിലെ സ്ലിപ്പ് വ്യക്തമായി കാണാവുന്ന വിധത്തിലാണ്.