കൊൽക്കത്ത: ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ അക്രമം. ഒരു ബി.ജെ.പി. പ്രവർത്തകന്റെ അമ്മയും ബി.ജെ.പി. പ്രവർത്തകനും ടി.എം.സി. പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. അഞ്ച് സ്ഥാനാർഥികൾക്ക് മർദനമേറ്റു.

ഹൂഗ്ളി ജില്ലയിലെ ഗോഖാട്ടിലാണ്‌ തൃണമൂൽ പ്രവർത്തകരുടെ മർദനമേറ്റ് ബി.ജെ.പി. പ്രവർത്തകന്റെ അമ്മ കൊല്ലപ്പെട്ടത്‌. ഗോഖാട്ടിൽത്തന്നെ വോട്ടുചെയ്ത് മടങ്ങിയ തൃണമൂൽ ബൂത്ത് ഭാരവാഹി സുനിൽ റായ് (72) ബി.ജെ.പി. പ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു. ബീർഭൂം ജില്ലയിലെ ദുബ്രാജ്പുരിൽ ഒരു ബി.ജെ.പി. പ്രവർത്തകന്റെ മൃതദേഹം കണ്ടെടുത്തതോടെ ബി.ജെ.പി.- തൃണമൂൽ പ്രവർത്തകർ സംഘം ചേർന്ന് ഏറ്റുമുട്ടി. പോലീസിന്റെ നേരെയും കല്ലേറുണ്ടായി. ആരാംബാഗ് മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥി സുജാതാ മണ്ഡൽ ഖാനെ ബി.ജെ.പി. പ്രവർത്തകർ മർദിച്ചു. ഇവർക്ക് തലയ്ക്ക് പരിക്കുണ്ട്.

ഫാൽത മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി ബിധാൻ പാടുയിയെ കാറിൽനിന്ന്‌ വലിച്ചിറക്കി റോഡിലിട്ട് തൃണമൂൽ പ്രവർത്തകർ മർദിച്ചു. ഖാനാകുലിലെ തൃണമൂൽ സ്ഥാനാർഥി നാസ്റുൾ കരീമിന്‌ ബി.ജെ.പി. പ്രവർത്തകരുടെ മർദനമേറ്റു. ഉലുബെരിയ ദക്ഷിൺ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയും നടിയുമായ പാപ്പിയ അധികാരിയെ തൃണമൂൽ പ്രവർത്തകൻ കരണത്തടിച്ചു. പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകനെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം.

താരകേശ്വറിൽ തൃണമൂലുകാരുടെ അടിയേറ്റ് ബി.ജെ.പി. സ്ഥാനാർഥി സ്വപൻ ദാസ്ഗുപ്തയുടെ പി.എ.യുടെ തലപൊട്ടി. ക്യാനിങ്‌ പുർബ മണ്ഡലത്തിൽ ഐ.എസ്.എഫ്. പ്രവർത്തകർ ബോംബേറ്്‌ നടത്തിയതായി ആരോപണമുയർന്നു. ഹൂഗ്ളി ജില്ലയിലെ ഹാരാന്തിയിൽ കേന്ദ്രസേന വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതിയുയർന്നു. ഹൗറ ജില്ലയിലെ ബാഗ് നാനിൽ ബി.ജെ.പി.യുടെ ക്യാമ്പ് ഓഫീസ് തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തു.