ചങ്ങനാശ്ശേരി: ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായതായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടെതെന്നും തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിശ്വാസം തകർക്കാൻ വന്നാൽ തടയും

വിശ്വാസം തകർക്കാൻ വന്നാൽ തടയുകതന്നെ ചെയ്യുമെന്ന് ജി. സുകുമാരൻ നായർ. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂർവം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് മന്ത്രി എ.കെ. ബാലൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം തകർക്കാൻ വന്നാൽ തടയും. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻപാടില്ല എന്നാണോ. വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികൾ തീരുമാനിക്കും. താൻ തന്റെ മാർഗം നോക്കിക്കൊള്ളാം, എ.കെ. ബാലൻ അദ്ദേഹത്തിന്റെ വഴി നോക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.

അയ്യപ്പനും ദേവഗണങ്ങളും ഇടതുപക്ഷത്തിനൊപ്പം -പിണറായി വിജയൻ

അയ്യപ്പനും നാട്ടിലെ മുഴുവൻ ദേവഗണങ്ങളും എല്ലാ വിശ്വാസികളുടെയും ആരാധാന മൂർത്തികളും ഇക്കുറി ഇടതുപക്ഷത്തിനൊപ്പമാണ്. ജനങ്ങളെയാകെ സംരക്ഷിച്ചുനിർത്തിയത് ഇടതുപക്ഷ സർക്കാരാണ്. ജനങ്ങൾക്ക് ഗുണംചെയ്യുന്നവരുടെ കൂടെയാണ് എല്ലാ ദേവഗണങ്ങളും.

- പിണറായി വിജയൻ, മുഖ്യമന്ത്രി

പിണറായി സർക്കാരിനോട് അയ്യപ്പനും ഭക്തരും പൊറുക്കില്ല -രമേശ് ചെന്നിത്തല

അയ്യപ്പനും ഭക്തജനങ്ങളും പിണറായി സർക്കാരിനോടു പൊറുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. “നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാലുപിടിക്കുകയാണെന്നാണോ മനസ്സിലാക്കേണ്ടത്? അയ്യപ്പഭക്തരുടെ വികരാരങ്ങളെ ചവിട്ടിമെതിച്ച സർക്കാരാണിത്. ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ അയ്യപ്പന്റെ കാലുപിടിക്കുന്നത്. സർക്കാരിന് അയ്യപ്പകോപം ഉറപ്പാണ്”.

ചെന്നിത്തല, പ്രതിപക്ഷനേതാവ്

പിണറായി ചെയ്തത് അസുരന്റെ പണി -കെ. സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ പിണറായി വിജയൻ ചെയ്തത് അസുരന്റെ പണിയാണ്. സർക്കാർ സംവിധാനം ഉപയോഗിച്ചാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും അവിശ്വാസികളായ യുവതികളെ ശബരിമലയിലേക്ക് അയച്ചത്. സർക്കാർ ആബുലൻസിൽ പോലീസ് അകമ്പടിയിലാണ് രാത്രിയിൽ യുവതികളെ കയറ്റിയത്. ഇനിയും ഹർത്താൽ നടത്തുന്നില്ലേയെന്ന് യുവതീ പ്രവേശനത്തിന് ശേഷം വിശ്വാസികളെ വെല്ലുവിളിച്ചയാളാണ് പിണറായി. അദ്ദേഹത്തിന്റെ നീച പ്രവൃത്തികൾ ജനം മറക്കില്ല. ശബരിമല വിഷയത്തിൽ എ.കെ. ആന്റണി ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. വിശ്വാസികളുടെ പ്രശ്നത്തിൽ ഇടപെടാതെ ആൻറണിയും ഉമ്മൻ ചാണ്ടിയും കുറ്റകരമായ മൗനം പാലിച്ചവരാണ്. ശബരിമല സമരം നടക്കുമ്പോൾ കേരളത്തിലേക്ക് തിരിഞ്ഞുനോക്കാത്തയാളാണ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ മലക്കം മറഞ്ഞതുകൊണ്ട് ഇടതുപക്ഷം രക്ഷപ്പെടില്ല. ആചാരങ്ങൾ സംരക്ഷിക്കാൻ നിലകൊണ്ടവരെ സഹായിക്കണമെന്ന് പറഞ്ഞത് ബി.ജെ.പി. സ്വാഗതംചെയ്യുന്നു.

- കെ. സുരേന്ദ്രൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ

വോട്ടുണ്ടായിരുന്നെങ്കിൽ ദൈവങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന് -കോടിയേരി

ദൈവങ്ങൾക്ക്‌ വോട്ടുണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിനാകുമായിരുന്നു. എല്ലാവിശ്വാസികൾക്കും സുരക്ഷ ഉറപ്പാക്കിയ സർക്കാരാണിത്. മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു തുടങ്ങിയ എല്ലാ മതവിശ്വാസികൾക്കും സുരക്ഷ ഉറപ്പാക്കി. എല്ലാ ആരാധാനായലങ്ങൾക്കും സൗകര്യപ്രദമായ ഭൗതിക മാറ്റങ്ങളുണ്ടാക്കി. ശബരിമലയിൽ വികസന പ്രവർത്തനം നടത്തിയത് ഈ സർക്കാരാണ്. അതുകൊണ്ട് വിശ്വാസികൾ കൂട്ടത്തോടെ ഇടതുപക്ഷത്തിന് വോട്ടുചെയ്യും.

- കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി

ക്ഷമിക്കണം എന്നുകൂടി മുഖ്യമന്ത്രി പറയണം -എ.കെ. ആന്റണി

തിരഞ്ഞെടുപ്പുകാലത്ത് സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നുംകൂടി പറയണം. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെക്കുറിച്ച് ബോധമുണ്ടായല്ലോ. സുപ്രീംകോടതി വിധി വന്നപ്പോൾ ഞങ്ങളെല്ലാം പറഞ്ഞു എടുത്തുചാടരുതെന്ന്. വിധിയുടെ പകർപ്പ് കിട്ടട്ടെ, പ്രതിപക്ഷത്തിന്റെയും വിശ്വാസി സംഘടനകളുടെയും യോഗം വിളിക്കൂ എന്നാവശ്യപ്പെട്ടു. ആരെതിർത്താലും ചർച്ചയുടെ പ്രശ്നമില്ലെന്നും വിധി നടപ്പാക്കും യുവതികളെ പ്രവേശിപ്പിക്കും എന്നൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്. അയ്യപ്പനെ ഇപ്പോൾ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ വിവേകം ഉണ്ടായിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നമുണ്ടാകുമായിരുന്നോ. പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിനും കുഴപ്പമുണ്ടാക്കിയതിനും തന്നോടും സർക്കാരിനോടും ക്ഷമിക്കണം എന്നുകൂടി പറയണം. ഇല്ലെങ്കിലത് കാപട്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു വന്ന പ്രധാനമന്ത്രി ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമപരമായ നടപടിയെടുക്കുമെന്നു പറഞ്ഞു. രണ്ടുവർഷമായിട്ടും ഒന്നുംചെയ്യാതെ വീണ്ടുമത്തി സ്വാമിയേ ശരണമയ്യപ്പാ വിളിക്കുന്ന കാപട്യത്തിന് ജനം ചുട്ടമറുപടി നൽകും.

- എ.കെ. ആന്റണി

വിശ്വാസികളെ അവരുടെ വഴിക്കുവിടൂ -ജി. സുധാകരൻ

ശബരിമല സംബന്ധിച്ച് മുഖമന്ത്രിയുടെ പരാമർശത്തോടു പ്രതികരിക്കണ്ട കാര്യമില്ല. വിശ്വാസികളെ അവരുടെ വഴിക്കു വിടുക. വിശ്വാസികളിൽ സമ്മർദം ചെലുത്തരുത്. അത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

ജി. സുധാകരൻ, മന്ത്രി

ഞങ്ങൾ ചർച്ചചെയ്യുന്നത് വികസനം -തോമസ് ഐസക്

ശബരിമലവിഷയം യു.ഡി.എഫ്. ചർച്ച ചെയ്തോട്ടെ. ഞങ്ങൾ വികസനമാണ് ചർച്ചചെയ്യുന്നത്. ഇടതുപക്ഷത്തിന്റെ വികസനപ്രവർത്തനങ്ങൾ അനുകൂലതരംഗം സൃഷ്ടിക്കും.

- ടി.എം. തോമസ് ഐസക്, മന്ത്രി

ഗതികേടുകൊണ്ട് അയ്യപ്പനെ കൂട്ടുപിടിച്ചു -കെ.സി. വേണുഗോപാൽ

ഗതികേടുകൊണ്ടാണ് അയ്യപ്പനെ പിണറായി വിജയൻ കൂട്ടുപിടിച്ചിരിക്കുന്നത്. വിശ്വാസികളിൽ പിണറായി സർക്കാർ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. വിശ്വാസമില്ലാതെ ദൈവത്തെ വിളിച്ചാൽ ദൈവം വിളി കേൾക്കില്ല.

- കെ.സി. വേണുഗോപാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി

സുരക്ഷനൽകിയവർ ദൈവത്തിന്റെ പ്രതിനിധികൾ -ബേബി

‘നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. വിശക്കുന്നവന്റെ മുമ്പിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലാണ് വരുകയെന്ന്. കഴിഞ്ഞ അഞ്ചുവർഷം എങ്ങനെയാണ് ഇടതുമുന്നണി വിശക്കുന്നവനെ കാത്തുസൂക്ഷിച്ചതെന്നു എല്ലാവർക്കുമറിയാം. എങ്ങനെയാണ് മറ്റുചിലർ അന്നമുടക്കികളായി പ്രത്യക്ഷപ്പെട്ടതെന്നും കണ്ടതാണ്. പ്രതിഡന്ധികളിൽ സുരക്ഷിതത്വം നൽകിയവരാണ് ദൈവത്തിന്റെ പ്രതിനികൾ’. എൽ.ഡി.എഫിന് ദൈവകോപം ഉണ്ടാകുമെന്നുവരെ ചിലനേതാക്കൾ പറഞ്ഞു.

അവസരവാദ കൂട്ടുകെട്ടുകളെ ജനം തള്ളിക്കളയും. അന്നവും വസ്ത്രവും തരുന്നവരാണ് തമ്പുരാൻ എന്നു ശ്രീനാരായണ ഗുരുപറഞ്ഞിട്ടുണ്ട്. വോട്ടവകാശമുണ്ടെങ്കിൽ ദേവഗണങ്ങളും ദൈവമുമൊക്കെ ഇടതുമുന്നണിക്ക്‌ വോട്ടുചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞത് അതുകൊണ്ടാണ്.

- എം.എം. ബേബി, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം

മതവിശ്വാസവും ആചാരങ്ങളും ജനങ്ങളുടെ അവകാശം -ഹൈദരലി ശിഹാബ് തങ്ങൾ

വിശ്വാസവും ആചാരങ്ങളുമൊക്കെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

അതിനെതിരായുള്ള ഇടതുമുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ഒട്ടും ശരിയല്ല. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും. അതാണ് ഞങ്ങളുടെ നയം.

- ഹൈദരലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

വോട്ടുദിനത്തിലല്ല അയ്യപ്പനെ ഓർക്കേണ്ടത് -ശശി തരൂർ

വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലല്ല, ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓർക്കേണ്ടത്. ഹെൽമെറ്റും ഫ്ളാഗ് ജാക്കറ്റുമിട്ട് സന്നിധാനത്ത് ആളുകളെ അയച്ചപ്പോൾ ഇതൊക്കെ ഓർത്തിരുന്നെങ്കിൽ കേരളത്തിൽ ഒരുപ്രശ്നവും ഉണ്ടാകുമായിരുന്നില്ല. വോട്ടിങ് ദിനത്തിൽ അയ്യപ്പവിശ്വാസം വന്നത് ഗൗരവത്തോടെ കാണുന്നില്ല. ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവർ വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിച്ചിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

- ശശി തരൂർ എം.പി.

സുകുമാരൻ നായരുടെത് രാഷ്ട്രീയനിലപാട് -കാനം

എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി. മറ്റൊരു സമുദായ നേതാവും നടത്താത്ത പ്രസ്താവനയാണ് സുകുമാരൻ നായർ നടത്തിയത്. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. സർക്കാരിനെതിരേ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ശബരിമല ആവർത്തിക്കുന്നത്.

- കാനം രാജേന്ദ്രൻ, സി.പി.ഐ. സെക്രട്ടറി

മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം ജനരോഷം ഭയന്ന് -ഉമ്മൻചാണ്ടി

ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് മാറ്റം അദ്ഭുതപ്പെടുത്തി. എൻ.എസ്.എസ്. എന്നും ശബരിമലയുടെ കാര്യത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങൾക്കൊപ്പമാണ് എൻ.എസ്.എസ്. നിലകൊണ്ടത്. എൻ.എസ്.എസ്. നിലപാടിനെ വിമർശിച്ചിരുന്ന മുഖ്യമന്ത്രി ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന ചെയ്യുന്നത് ജനങ്ങൾ പ്രതികാരം ചെയ്യുമെന്ന ഭയം കൊണ്ടാണ്. ശബരിമലയിലെ വിശ്വാസം, ആചാരം എന്നിവ സംരക്ഷിക്കുമെന്നാണ് യു.ഡി.എഫ്. സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ ഇതിന് എതിരായ സത്യവാങ്മൂലമാണ് പിണറായി സർക്കാർ നൽകിയത്. അത് ഇപ്പോഴും പിൻവലിച്ചിട്ടില്ല. തിരഞ്ഞെടുപ്പായപ്പോൾ ഭയന്ന് ഒരു യു ടേൺ എടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ല.

സുപ്രീം കോടതിവിധിയെ സർക്കാർ സ്വാഗതംചെയ്തു. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് പറഞ്ഞു. വീടുകളിൽ ചെന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ടുവന്ന് ശബരിമലയിൽ കയറ്റി. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാമതിൽ നടത്തി. എന്നിട്ടിപ്പോൾ തിരഞ്ഞെടുപ്പ് ദിവസം ഈ നിലപാടും സ്വീകരിച്ചു.

- ഉമ്മൻ ചാണ്ടി മുൻ മുഖ്യമന്ത്രി

സുകുമാരൻ നായരുടെ അഭിപ്രായം വൈകി -വെള്ളാപ്പള്ളി

ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അഭിപ്രായം വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് പറഞ്ഞിരുന്നെങ്കിൽ ഗുണപ്പെട്ടേനെ. ‘അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. വോട്ടെടുപ്പ് ദിവസം രാവിലെയാണോ ഇതു പറയേണ്ടത്. ശക്തമായ മത്സരമാണ് നടന്നത്. ഭരണത്തുടർച്ചയുണ്ടാകുമോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതുവരെ കാത്തിരിക്കണം. സ്ഥാനാർഥി നിർണയത്തിൽ എല്ലാ മുന്നണികളും ശ്രദ്ധിക്കേണ്ടതായിരുന്നു. ചേർത്തലയിൽ തിലോത്തമനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ വിജയസാധ്യത കൂടിയേനെ. എസ്.എൻ.ഡി.പി.യോഗം ഒരു സ്ഥാനാർത്ഥിയെയും പിന്തുണച്ചിരുന്നില്ല. ബി.ജെ.പി. ശക്തമായ പ്രകടനം കാഴ്ചവെച്ചു. പക്ഷേ, സീറ്റു കിട്ടുമോയെന്ന് പറയാനാകില്ല-

- വെള്ളാപ്പള്ളി നടേശൻ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി