തിരുവനന്തപുരം: കോവിഡായതിനാൽ കടുത്ത ചട്ടങ്ങൾ പാലിക്കണമെന്ന്‌ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചെങ്കിലും ചില ബൂത്തുകളിൽ ഇതൊന്നും നടപ്പായില്ല. കവാടത്തിൽ തെർമൽ സ്കാനറിൽ ശരീരോഷ്മാവ് പരിശോധിക്കണമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ, ചിലേടത്ത് അതുണ്ടായില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണിത് കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്.

ചൂടുകൂടുതലാണെന്നുകണ്ടാൽ രണ്ടുതവണകൂടി ചൂട് അളക്കുമെന്നും തുടർന്നും ഉയർന്ന താപനിലയാണെങ്കിൽ ടോക്കൺ നൽകി തിരിച്ചയയ്ക്കുമെന്നുമായിരുന്നു കമ്മിഷൻ പറഞ്ഞിരുന്നത്. പോളിങ്ങിന്റെ അവസാനമണിക്കൂറിൽ ഇവർക്ക്‌ വോട്ടുചെയ്യാൻ ടോക്കൺ നൽകുമെന്നും പറഞ്ഞിരുന്നു. വോട്ടർമാർ രജിസ്റ്ററിൽ ഒപ്പിടുമ്പോഴും വോട്ടുചെയ്യുമ്പോഴും ധരിക്കാൻ കൈയുറ നൽകുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. അതും പലയിടത്തും കണ്ടില്ല.

ബൂത്തിനുമുമ്പിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കി കാത്തിരിപ്പിന് പ്രത്യേക പന്തൽ ഒരുക്കിയിരുന്നു. എന്നാൽ, മിക്കയിടത്തും വോട്ടർമാർ അവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. ബൂത്തുകൾ പ്രവർത്തിച്ച കെട്ടിടങ്ങൾക്കുമുന്നിൽ മിക്കയിടത്തും സാധാരണപോലെയായിരുന്നു തിരക്കും കാര്യങ്ങളും.