പൂച്ചാക്കൽ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ കർമനിരതരായി ഇരട്ടകളും. ഒരേ ബൂത്തിലാണ് ഇവർ സേവനമനുഷ്ഠിച്ചതെന്ന പ്രത്യേകതയുണ്ട്. പാണാവള്ളി ശ്രീകണ്ഠേശ്വരം എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലെ 87-ാം നമ്പർ ബൂത്തിലാണ് പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡ് കുളങ്ങരവെളി അഷ്‌റഫിന്റെ ഭാര്യ ഖദീജാ അഷ്‌റഫും വടുതല ഷാമിലാ മൻസിലിൽ അഷ്‌റഫിന്റെ ഭാര്യ ഫാത്തിമ അഷ്‌റഫും സേവനം അനുഷ്ഠിച്ചത്.

രണ്ടുപേരും അങ്കണവാടി ജീവനക്കാരാണ്. ഖദീജാ അഷ്‌റഫ് പാണാവള്ളി 47-ാം നമ്പർ അങ്കണവാടിയിലെ അധ്യാപികയും ഫാത്തിമ അഷ്‌റഫ് 120-ാം നമ്പർ അങ്കണവാടിയിലെ ജീവനക്കാരിയുമാണ്. ഖദീജാ അഷ്‌റഫ് ബി.എൽ.ഒ. ആയും സേവനമനുഷ്ടിച്ചുവരുകയാണ്. ആന്നിലിത്തോട് തോട്ടുചിറയിൽ പരേതനായ ഉമ്മറിന്റെയും ഐഷയുടെയും മക്കളാണ് ഇവർ.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി പ്രകാരം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർമാരുടെ ശരീരോഷ്മാവ് പരിശോധിക്കുക, കൈകളിൽ സാനിറ്റൈസർ ഒഴിച്ചുകൊടുക്കുക, സ്ലിപ്പ് പരിശോധന തുടങ്ങിയ തിരഞ്ഞെടുപ്പ് ചുമതലകളാണ് ഇവർ നിർവഹിച്ചത്.