ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഭൂരിഭാഗം ബൂത്തുകളിലും സാമൂഹികാകാലം ഉറപ്പാക്കാനും സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാനും കഴിഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകീട്ടുവരെ ആരോഗ്യവകുപ്പിന് പരാതി ലഭിക്കാത്തതുംകൂടി കണക്കിലെടുത്താണ് വിലയിരുത്തൽ.

തദ്ദേശതിരഞ്ഞെടുപ്പിൽ പോളിങ് ആരംഭിച്ചതുമുതൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. ഇത്തരം സാഹചര്യം ഇക്കുറി ഒഴിവാക്കാനായി.

വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് സാനിറ്റൈസർ പുരട്ടി. ശരീരോഷ്മാവ് പരിശോധിക്കാനായി തെർമൽ സ്കാനിങ്ങും നടത്തി. ശരീരോഷ്മാവ് കൂടുതലുള്ളവരെ സാധാരണ വോട്ടർമാർക്കൊപ്പം വോട്ടുചെയ്യിപ്പിക്കാതെ വൈകുന്നേരത്തെ സമയം നൽകി. ഇതെല്ലാം ഗുണമായി.

കൂടാതെ ചിലയിടങ്ങളിൽ വോട്ടുചെയ്യാനായി വോട്ടർമാർക്ക് ഗ്ലൗസും നൽകി. മാസ്ക് ഇല്ലാതെ വോട്ടുചെയ്യാനെത്തിയവർക്ക് മാസ്ക് നൽകാനും ജീവനക്കാരുണ്ടായിരുന്നു.