ആലപ്പുഴ: വിധിയെഴുത്തിന് ഒരുതാളമുണ്ട്. ചിലപ്പോൾ ഉച്ചസ്ഥായിയിലാകും. മറ്റുചിലപ്പോൾ പതിഞ്ഞമട്ടാകും. രാവിലെയാണു തിരക്കുകൂടുതൽ. ഉച്ചയാകുമ്പോൾ ആകെയൊരു ആലസ്യം. വൈകീട്ട് വീണ്ടും പെരുക്കം.

കുട്ടനാട്

രാവിലെ കുട്ടനാടിന് ഒരാലസ്യം. എട്ടുമണികഴിഞ്ഞിട്ടും ബൂത്തുകളിലേക്കുവരാൻ ആളുകൾക്കുമടി. കൊയ്ത്ത് നടക്കുന്നുണ്ട്. മഴവന്നാൽ പണിപാളുമെന്ന േപടിയിൽ തിരക്കിട്ടാണു പലയിടത്തും കൊയ്‌ത്ത്‌.

കണ്ണാടി എൽ.പി. സ്കൂളിനുമുന്നിലെ ക്യൂവിൽ കുറച്ചുപേർ മാത്രം. വെളിയനാട് സ്കൂളിനടുത്തെത്തുമ്പോൾ ആൾക്കൂട്ടമൊന്നുമില്ല. സമീപത്തെ രാഷ്ട്രീയപാർട്ടി ബൂത്തുകളെല്ലാം ജാഗ്രതയോടെ നോക്കിയിരിക്കുന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. കമ്മിറ്റി ഓഫീസുകളിലെല്ലാം മധ്യവസ്‌ക്കരാണു കൂടുതൽ. വോട്ടുചെയ്തുവരുന്ന തോമസ് ചേട്ടൻ മനസ്സുതുറന്നു. ഇവിടെ ജേക്കബ് എബ്രഹാം ജയിക്കാനാ സാധ്യത. സമീപത്തുകൂടിപ്പോയ ജീവൻലാൽ പറഞ്ഞു, ‘ഏയ്, തോമാച്ചായൻതന്നെ’(തോമസ് കെ. തോമസ്).

ചെങ്ങന്നൂരിൽ

നിറതോക്കുമായിനിൽക്കുന്ന പഞ്ചാബി സി.ആർ.പി.എഫുകാരെക്കണ്ട് കല്ലിശ്ശേരി വി.എച്ച്.എസ്.ഇ.യിലെ വോട്ടർ ഒന്നുനിന്നു. കൗതുകത്തോടെ നോക്കി. പിന്നെ, നേരേ ബൂത്തിലേക്കുചെന്ന് വോട്ടുചെയ്ത് തിരിഞ്ഞുനോക്കാതെ വിട്ടു. തിടുക്കത്തിൽ പോകുന്ന നോഹാമോനോട് ആരുജയിക്കുമെന്നു ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു. ‘ഇവിടെ സജി ചെറിയാൻ ജയിക്കും. അല്ലെങ്കിൽ എം.വി. ഗോപകുമാർ. എന്തായാലും കോൺഗ്രസ് ജയിക്കില്ല’.

അറുപതിനടുത്ത കുര്യൻചേട്ടന് അത്രയ്ക്കൊന്നും വിശദീകരിക്കാനില്ല. വിജയം സജിചെറിയാനുതന്നെ. ഈ ബൂത്തിൽ പത്തരയായപ്പോൾ 140 ചെയ്തുകഴിഞ്ഞിരുന്നു. ആകെ 540 വോട്ടാണുള്ളത്. പത്തേമുക്കാലോടെ ചെങ്ങന്നൂർ ഗവ. യു.പി. സ്കൂളിൽ ഒരുതിരക്കുമില്ല. പുറത്ത് കാത്തുനിന്ന മുണ്ടൻകാവിൽനിന്നുവന്ന ചന്ദ്രൻ പറഞ്ഞു. ‘ഗോപൻ ജയിക്കണമെന്നാണ് ആഗ്രഹം’.

11-ന് ചെങ്ങന്നൂർ വി.എച്ച്.എസ്.ഇ.യ്‌ക്കു മുന്നിൽ ചെറിയനിരയുണ്ട്. പുറത്തുനിന്ന മനീഷ് പറഞ്ഞത് വിജയം എൽ.ഡി.എഫിനെന്നാണ്. പേരിശ്ശേരി സ്കൂളിലെത്തുമ്പോൾ നിരനിരയായി ആളുണ്ട്. വോട്ടുകഴിഞ്ഞ് പ്രായമായ അമ്മയെ കൊണ്ടുപോകാൻനിൽക്കുന്ന രാധാമണി ഒരുകാര്യം പറഞ്ഞു- ‘ഇവിടെ മിക്കവാറും എൽ.ഡി.എഫിനാ’.

മവേലിക്കരയിൽ

രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരുടെ ബൂത്തിൽ ആളുനിറഞ്ഞിരിക്കുന്ന കാഴ്ചകളോടെയാണ് മാവേലിക്കരയിലേക്കു കയറിയത്. 12-ന് വഴുവാടി ഗവ.എൽ.പി.സ്കൂളിനു മുന്നിലെത്തുമ്പോൾ സ്ത്രീകളുടെ നീണ്ടനിരയുണ്ട്.

സമീപത്തുനിന്ന അധ്യാപകനായ ജോൺസൺ പറഞ്ഞത് ഇവിടെ കെ.കെ. ഷാജുവിന് സാധ്യതയെന്നാണ്. സമീപവാസിയായ റെജിയും അതുതന്നെ പറഞ്ഞു. നേരേപോയത് ചുനക്കര എൻ.എസ്.എസ്. സ്കൂളിലേക്കായിരുന്നു. വോട്ടർമാർ തീരെക്കുറവ്. സമീപത്തെ മെഡിക്കൽ ഷോപ്പുകാരൻ വോട്ടുകഴിഞ്ഞുനിൽക്കുകയായിരുന്നു. എൽ.ഡി.എഫിനാണ് സാധ്യതയെന്നാണ് അദ്ദേഹം പറഞ്ഞത്.

താമരക്കുളം വി.വി.എച്ച്.എസ്. സ്കൂളിലെ വിസ്താരമേറിയ മൈതാനത്തേക്ക് വോട്ടുചെയ്യാനുള്ളവരെ വാഹനത്തിൽ കൊണ്ടുവരുന്ന തിരക്കായിരുന്നു 12.30-നും. വോട്ടു ചെയ്തുനിൽക്കുന്ന ചെറുപ്പക്കാരനായ രാഹുലിന് തർക്കമില്ല എൽ.ഡി.എഫ്. വിജയത്തിന്.

പക്ഷേ, ദേവൻ പറഞ്ഞു- സഞ്ചു ജയിക്കും. സി.പി.എമ്മിൽ നിന്നുവന്നതിനാൽ വോട്ടുകൂടുതൽ കിട്ടുമെന്ന്. കന്നിവോട്ടുചെയ്യാൻ മകൾ അപർണയുമായെത്തിയ ഹരിയുടെ അഭിപ്രായത്തിൽ സാധ്യത എൽ.ഡി.എഫിനാണ്.

കായംകുളം

കുറ്റിത്തെരുവ്‌ എച്ച്.എച്ച്.വൈ. സ്കൂളിനുസമീപം ഷാജിയെ ഷാജഹാൻ വഴക്കുപറയുന്നു. പാലക്കാടുകാരനായ ഷാജി ഇവിടെ താമസമാക്കി നാളുകളായിട്ടും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്തതിനാണ് വഴക്ക്. ഷാജഹാൻ ലീഗുകാരനാണ്. പക്ഷേ, വിജയം യു. പ്രതിഭയ്ക്കാണെന്നാണ് അഭിപ്രായം.

ചന്ദനക്കുറിതൊട്ട് സന്തോഷവാനായി വോട്ടുചെയ്ത് വരുന്ന ദിവകാരൻചേട്ടൻ ചോദിച്ചു- പ്രതിഭയല്ലാതെ മറ്റാര്? അവർ കുറേക്കാര്യം ഇവിടെ ചെയ്തിട്ടുണ്ട്. കായംകുളം നടയ്ക്കൽ എൽ.പി. സ്കൂളിനുസമീപം വോട്ടുചെയ്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത യുവാവ് മുഖം ഒന്നുകൂടി മറച്ചുപറഞ്ഞു. ‘പ്രതിഭയ്ക്കാണ് വോട്ട്’. മത്സരം കടുകട്ടിയാണെന്നും അരിതാബാബുവിന് സാധ്യത കൂടുതലാണെന്നും പറയുന്നവരുണ്ട്.

ഹരിപ്പാട്

എങ്ങും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രൗഢി കൂട്ടുംവിധമുള്ള പ്രചാരണങ്ങൾ കണ്ടാണ് ഹരിപ്പാടിലൂടെ മുന്നോട്ടുപോയത്. എൽ.ഡി.എഫ്. പ്രവർത്തകർ ബുത്തുകളിൽ കൂടിയിരുന്ന് കണക്കെടുക്കുന്ന തിരക്കിലായിരുന്നു. 2.30-ന് തൃക്കുന്നപ്പുഴ സർവീസ് സഹകരണബാങ്ക് ബൂത്തിൽ ആരുമില്ല.

ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങി ഫോണിൽ നോക്കിയിരിക്കുന്നു. സമീപത്തെ പലചരക്കു കച്ചവടക്കാരൻ ഉമ്മർകുഞ്ഞ് ഒരുകാര്യം പറഞ്ഞു. ഇവിടെ രമേശ് ചെന്നിത്തലതന്നെ.

പാനൂർക്കര ഗവ. എൽ.പി. സ്കൂളിൽ രണ്ടേമുക്കാലായപ്പോൾ നല്ലതിരക്ക്. പുറത്ത് അസ്വസ്ഥനായി അബ്ദുറഹ്മാൻ കുഞ്ഞ്. ‘ഇവിടെ സജിലാൽ 2,000 വോട്ടിനു ജയിക്കും.

ഇക്കുറി കളിവേറെയാ. എ ക്കാര് പിണങ്ങി. ലീഗുകാരുടെ സഹകരണമില്ല. പിന്നെ, അടിയൊഴുക്കും ഉണ്ടേ...’ പക്ഷേ, സമീപത്തുനിന്ന ചെറുപ്പക്കാരനായ ഹനീഫയ്‌ക്ക്‌ അത്രവിശ്വാസമില്ല. ചെന്നിത്തലയുടെ ഭൂരിപക്ഷം കുറയും എന്നതായിരുന്നു അഭിപ്രായം.

അമ്പലപ്പുഴ

മൂന്നേകാലോടെ വലിയതർക്കംകണ്ടാണ് തോട്ടപ്പള്ളി ഗവ. എൽ.പി. സ്കൂളിനുമുന്നിൽച്ചെന്നത്. രണ്ടിടത്ത് വോട്ടുണ്ടെന്ന പേരിൽ മകളുടെ വോട്ടു തടഞ്ഞതിന് അമ്മ കയർക്കുകയാണ്. ബൂത്ത് ഓഫീസറെത്തി പരിഹാരമുണ്ടാക്കാമെന്ന് ആശ്വസിപ്പിക്കുന്നു. ബൂത്ത് ഏജന്റായിരുന്ന ബി.ജെ.പി. പ്രവർത്തകനാണ് തടസ്സം ഉന്നയിച്ചത്.

‘അറിയാവുന്നവനാ. എന്നിട്ടും പാർട്ടിയുടെപേരിൽ വൈരം കാണിച്ചു.’ എന്തായാലും മകളെക്കൊണ്ട് വോട്ടു ചെയ്യിച്ചിട്ടേ പോവുകയുള്ളൂ എന്നവാശിയിലായി അമ്മ. ഒടുവിൽ മകളുടെ ആധാർ കാർഡുകൂടി വീട്ടിൽനിന്ന് എടുത്തുകൊണ്ടുവന്ന് സത്യവാങ്മൂലം എഴുതി വോട്ടുചെയ്തു. സംഭവമറിഞ്ഞ് സി.പി.എം. ഏരിയ സെക്രട്ടറിയും സ്ഥലത്തെത്തിയിരുന്നു.

സമീപത്തുനിന്ന മധ്യവസ്കനായ തങ്കച്ചന്റെ അഭിപ്രായത്തിൽ ഇവിടെ ലിജു ജയിക്കും. പുറക്കാട് ഗവ. എൽ.പി. സ്കൂളിലെത്തുമ്പോഴും തിരക്കിന് കുറവില്ല. ഇവിടെ ഇക്കുറി ഒരുമാറ്റവും ഉണ്ടാവില്ല എൽ.ഡി.എഫ്. തന്നെയായിരിക്കുമെന്ന് മധു പറഞ്ഞു. എന്നാൽ, പുറക്കാട് ലിജുവിന് വൻമുന്നേറ്റം ഉണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളി വിജയസേനന്റെ അഭിപ്രായം.