ആലപ്പുഴ: ‘ഒരുപാലം വേണമെന്ന് ഞങ്ങൾ പറഞ്ഞിട്ടു കാലം കുറെയായി. പക്ഷേ, ഒരു രാഷ്ട്രീയക്കാരും അതുകേട്ടില്ല. എന്നുകരുതി വോട്ടുബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊന്നും ‍ഞങ്ങളെ കിട്ടില്ല. ഒന്നും പ്രതീക്ഷിച്ചല്ല വോട്ടുചെയ്യുന്നത്. അത് ഞങ്ങളുടെ അവകാശമാണ്.’

പാണാവള്ളി അഞ്ചുതുരുത്തിൽനിന്ന് വോട്ടുചെയ്യാൻ വള്ളത്തിൽ ഇക്കരെയെത്തിയ അറുപത്തിയേഴുകാരൻ കെ.സി. പപ്പന്റെ വാക്കുകളിൽ രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധമുണ്ട്. ഒപ്പം വോട്ടിന്റെ ആവേശവും.

പപ്പന് പിന്നാലെ വിദ്യാധരനും സരസമ്മയും തങ്കമ്മയുമൊക്കെ വള്ളത്തിൽ നിന്നിറങ്ങി. അവർക്കും പറയാനുള്ളതു പാലത്തിന്റെ കാര്യമാണ്. ‘പാലം പണിയാമെന്നു പറഞ്ഞ് രണ്ടുതവണ തറക്കല്ലിട്ടു. ഒന്നും നടന്നില്ല. ഇക്കുറി ഒരു സ്ഥാനാർഥിയും തുരുത്തിലേക്ക് വോട്ടും ചോദിച്ചുവന്നില്ല. എന്നാലും ഞങ്ങള്‌ വോട്ടുചെയ്യും’. കാരണം തിരഞ്ഞെടുപ്പെന്നാൽ അന്നും ഇന്നും അഞ്ചുതുരുത്തുകാർക്ക് ആവേശമാണ്.

രണ്ടുകിലോമീറ്റർ അപ്പുറമുള്ള പോളിങ് ബൂത്തിലേക്ക് പ്രായത്തിന്റെ അവശതമറന്ന് വെച്ചുപിടിക്കുന്നതുകണ്ടാൽ അവരുടെ ആവേശത്തിന്റെ തീവ്രതയറിയാം. 60-ലേറെ കുടുംബങ്ങളിലായി 250-ൽപ്പരം വോട്ടുണ്ടിവിടെ. പാണാവള്ളി-ഊടുപുഴ കടവുകളെ ബന്ധിപ്പിച്ച് ഒരുപാലം വന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അരൂരിൽനിന്ന് ജയിക്കുന്നവരിൽ പ്രതീക്ഷയർപ്പിച്ച് അവർ പോളിങ് ബൂത്തിലേക്ക് നടന്നുനീങ്ങി, രാഷ്ട്രീയം ഒട്ടും പറയാതെ.

ആരുജയിച്ചാലും പണിയെടുത്താൽ ജീവിക്കാം

ഉച്ചയാകുന്നതേയുള്ളൂ. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പോളിങ് ബൂത്തിൽ വലിയ തിരക്കൊന്നുമില്ല. ഒരുസംഘം ചെറുപ്പക്കാർ വോട്ടുചെയ്തിറങ്ങി. ടൈൽ പണിക്കാരായ മിഥുനും സുനേഷും ഇലക്‌ട്രീഷ്യനായ പ്രതുലുമാണ് സംഘത്തിൽ. ആരുജയിക്കുമെന്ന ചോദ്യത്തിനു മുന്നിൽ അവർ ആദ്യമൊന്നു പകച്ചു.

പക്ഷേ, സനേഷ് ഇങ്ങനെ പറഞ്ഞു. ആരു ജയിച്ചാലും നമ്മള്‌ പണിയെടുത്താ നമുക്ക് ജീവിക്കാം -രാഷ്ട്രീയക്കാരോട് വലിയ മമതയില്ലെങ്കിലും വോട്ടവകാശം വിനിയോഗിച്ചതിന്റെ ആവേശം അവരിൽ കാണാമായിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് വടുതല നദ്‌വത്തുൽ സ്കൂളിൽ വോട്ടുചെയ്തിറങ്ങിയ മത്സ്യത്തൊഴിലാളിയായ അഷ്റഫിനും പറയാനുള്ളത്. ‘ആര് ജയിച്ചാലും കുഴപ്പമില്ല. നമ്മള്‌ ജോലി ചെയ്താലെ നമുക്കു ജീവിക്കാൻ പറ്റൂ. പക്ഷേ, വോട്ടുമുടക്കില്ല. അതാ പോന്നത്- അഷ്റഫും രാഷ്ട്രീയം പറയാതെ വോട്ടാവേശം വ്യക്തമാക്കി.

വോട്ട് വീട്ടിലെത്തിയില്ല... വേദനമറന്ന് അവർ വന്നു

അരൂർ സെയ്ന്റ് അഗസ്റ്റിൻസ് സ്കൂൾ. 76-കാരിയായ ആലീസിനെ താങ്ങിപ്പിടിച്ച് വീട്ടുകാർ വോട്ടുചെയ്യിക്കാൻ കൊണ്ടുവരികയാണ്. പക്ഷാഘാതം വന്നു കാൽ തളർന്നിട്ടും വോട്ടിനോടുള്ള ആവേശംകൊണ്ടാണ് ആലീസ് എത്തിയത്. എൺപതുകഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വീട്ടിലെത്തി വോട്ടുചെയ്യിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സംവിധാനമൊരുക്കിയിരുന്നു.

എന്നാൽ, ആലീസ് ഭിന്നശേഷിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാതെ വന്നതോടെയാണ് പോളിങ് ബൂത്തിലെത്തേണ്ട സാഹചര്യമുണ്ടായത്. തൈക്കൽ ഗവ. എൽ.പി.സ്കൂളിലെ കാഴ്ച മറ്റൊന്നായിരുന്നു. മുച്ചക്ര സ്കൂട്ടർ സ്വയം ഓടിച്ചാണ് ഭിന്നശേഷിക്കാരനായ സെൽവൻ (43) വോട്ടുചെയ്യാനെത്തിയത്.

വീട്ടിലെത്തിയുള്ള വോട്ടിനുള്ള അപേക്ഷയുമായി ബി.എൽ.ഒ. വീട്ടിലെത്തിയപ്പോൾ സെൽവനില്ലായിരുന്നു. കൂടാതെ, സർട്ടിഫിക്കറ്റും ഹാജരാക്കാനായില്ല. അതാണ് സെൽവനും പോളിങ് ബൂത്തിലെത്തേണ്ടി വന്നത്.

കോതമംഗലം വഴി തൃച്ചാറ്റുകുളം... ഒരു വോട്ടുയാത്ര

തൃച്ചാറ്റുകുളം ഗവ. എൽ.പി.എസിലെ പോളിങ് ബൂത്ത്. തോളിൽ ഒരു ട്രാവൽ ബാഗും കൈയിൽ ഒരു പിഞ്ചുകുഞ്ഞുമായി ഒരു യുവതി വോട്ടുചെയ്യാൻ നിൽക്കുന്നു. പേര്- നിസ്ജ, ജോലി- കോതമംഗലത്ത് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ. ഒപ്പം കോതമംഗലത്ത് വോട്ടിങ് യന്ത്രങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രത്തിൽ ഡ്യൂട്ടിയുമുണ്ട്.

ഇതിനിടെയാണ് അമ്മ ചന്ദ്രികയ്ക്കും ഒന്നരവയസ്സുകാരൻ നിവികൃഷ്ണയ്ക്കുമൊപ്പം തൃച്ചാറ്റുകുളത്തെ പോളിങ് ബൂത്തിലെത്തിയത്. ബസിലായിരുന്നു യാത്ര. വോട്ടുചെയ്ത ഉടനെ തിരിച്ചുപോയാലേ കോതമംഗലത്ത് എത്തി വോട്ടിങ് യന്ത്രങ്ങളുടെ സ്വീകരണ കേന്ദ്രത്തിലെത്താനാവൂ.

തൃച്ചാറ്റുകുളം കാരിപ്പോഴി പറക്കോട്ടുചിറയിലാണ് നിസ്ജയുടെ വീട്. തപാൽ വോട്ടുചെയ്യാനായില്ല. അതിനാൽ, ജീവിതത്തിൽ ഒരിക്കലും വോട്ടുമുടക്കരുതെന്ന വാശിയിലായിരുന്നു നിസ്ജയുടെ വരവ്.