തൊടുപുഴ: സമൂഹമാധ്യമംവഴി പ്രണയത്തിലായ 13-കാരിയുടെ നഗ്നചിത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ച കേസിൽ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. വടക്കൻചേരി ആമക്കുളം ചെമ്പളിയാംകുന്ന് വീട്ടിൽ വി.ദിലീപ്(23), കിഴക്കംചേരി കുന്നക്കാട് കണ്ണക്കുളം വടക്കേവീട്ടിൽ സച്ചുവെന്ന അജിത്ത്(22) എന്നിവരാണ് പിടിയിലായത്.

തൊടുപുഴ സ്വദേശിനിയായ 13-കാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ്, ഓഗസ്റ്റിൽ അർധനഗ്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ തന്നെ വാങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തായ അജിത്തിനെയും ഇത് കാണിച്ചു. പിന്നീട് അജിത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂടുതൽ ഫോട്ടോ ആവശ്യപ്പെട്ടു. തുടർന്ന്, പെൺകുട്ടി വീട്ടിൽ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി.വിഷ്ണുകുമാർ, പ്രിൻസിപ്പൽ എസ്.ഐ. ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും വടക്കൻചേരിയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോക്സോ, ഐ.ടി. നിയമങ്ങൾപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. ഷാഹുൽ ഹമീദ്, എ.എസ്.ഐ. ഷംസുദീൻ, സിവിൽ പോലീസ് ഓഫീസർമാരായ ഡോൺ സെബാസ്റ്റ്യൻ, ജിന്ന പി.കെ. എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.