മല്ലപ്പള്ളി: കോൺഗ്രസ് പാർട്ടി ഒന്നാമത്, ഗ്രൂപ്പ് രണ്ടാമത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് സ്വാഗതാർഹമാണെന്ന് രാഷ്ട്രീയകാര്യസമിതിയംഗം പ്രൊഫ. പി.ജെ.കുര്യൻ. എന്നാൽ ഒന്നാമതുമാത്രമല്ല, രണ്ടാമതും മൂന്നാമതും പാർട്ടിയെന്ന് പറയാൻ കഴിയുന്നതാണ് ഇന്നത്തെ ആവശ്യം-െഫയ്‌സ്‌ബുക്ക് കുറിപ്പിലാണ് കുര്യൻ ഇക്കാര്യം പങ്കുവച്ചത്.

ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പാർട്ടിയുടെ ഏറ്റവും സീനിയർ നേതാക്കളാണെന്നുള്ളത് ആരും നിഷേധിക്കുന്നില്ല. ആ യാഥാർഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും പ്രവർത്തിക്കുമെന്നതിലും ഒരു സംശയവുമില്ല. കോൺഗ്രസിൽ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉൾക്കൊള്ളണം. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുകയെന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കരുത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ പോയിക്കണ്ട് ചർച്ച നടത്തി. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ൻ പ്രതീക്ഷിക്കാം. ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ഭീഷണി നേരിടുമ്പോൾ, ആ വെല്ലുവിളികളെ നേരിടാൻ ഒരുമിക്കേണ്ടത് പാർട്ടിയോടുമാത്രമല്ല, രാജ്യത്തോടുമുള്ള ഉത്തരവാദിത്വമാണെന്ന് എല്ലാവരും ഓർക്കണം-കുര്യൻ ആവശ്യപ്പെട്ടു.