പാമ്പാടി: അറ്റകുറ്റപ്പണിക്കിടെ വൈദ്യുതിപോസ്റ്റിനുമുകളിൽ കുടുങ്ങിയ കെ.എസ്.ഇ.ബി. കരാർത്തൊഴിലാളി മരിച്ചു. ളാക്കാട്ടൂർ മീൻതത്തിക്കൽ രാജുവിന്റെ മകൻ ഷിന്റോ എം.രാജു(29) ആണ് മരിച്ചത്. പാമ്പാടി കെ.എസ്.ഇ.ബി. ഓഫീസിലെ തൊഴിലാളിയായിരുന്നു. വൈദ്യുതാഘാതമേറ്റതാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ പത്തരയോടെ പാമ്പാടി ടൗണിലായിരുന്നു അപകടം. കാളച്ചന്തക്കവലയിലെ വഴിവിളക്ക് നന്നാക്കാൻ കയറിയതായിരുന്നു. തിരിച്ചിറങ്ങുന്നതിനിടെയാണ് പോസ്റ്റിൽ കുടുങ്ങിയത്. പോസ്റ്റിലൂടെ വലിച്ചിട്ടുള്ള കേബിൾ വയറുകൾക്കും ഏണിക്കുമിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്നെത്തിയ പാമ്പാടി അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പാമ്പാടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പോസ്റ്റിൽനിന്ന് താഴെയിറക്കുമ്പോൾ ഷിന്റോയുടെ കൈയിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നെന്ന് അഗ്നിരക്ഷാസേനാഗംങ്ങൾ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. അമ്മ: ശാന്തമ്മ. സഹോദരങ്ങൾ: ഷിജിൻ, ഷീജ (നഴ്സ്, ഹൈദരാബാദ്). പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.