പാറശ്ശാല: ക്രിക്കറ്റ്, ഫുട്ബോൾ കളികളിൽ വാതുവയ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. വാട്ട്‌സാപ്പ് വഴി വാതുവയ്പിന് അവസരം നൽകി മുൻകൂറായി പണം വാങ്ങിയാണ് തട്ടിപ്പു നടത്തുന്നത്. ഇതിനു പിന്നിൽ മലയാളികളുമുണ്ടെന്നാണ് സംശയം.

അന്തർദേശീയ ക്രിക്കറ്റ് മത്സരം മുതൽ കരീബിയൻ ഫുട്ബോൾ പ്രീമിയർ ലീഗിന്റെ വരെ പേരിൽ തട്ടിപ്പു നടക്കുന്നു. ഉത്തരേന്ത്യയിലെ സംഘങ്ങളാണ് ഇതിനു പിന്നിൽ. വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ചുള്ള പോസ്റ്റുകളിട്ടാണ് ഇരകളെ കണ്ടെത്തുന്നത്. പ്രാദേശികമായ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽപ്പോലും ഇത്തരം പോസ്റ്റുകളെത്തുന്നതിനാലാണ് മലയാളികളും ഇതിനു പിന്നിലുണ്ടെന്ന സംശയമുണർത്തുന്നത്. ദിവസേന നടക്കുന്ന കളികളിൽ വാതുവയ്പിനു ക്ഷണിച്ച്‌ വാട്ട്‌സാപ്പിലെത്തുന്ന സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചാൽ പിന്നാലെ ഒരു വെബ്സൈറ്റ് വാതുവയ്പിന്റെ തുകയും മറ്റു വിവരങ്ങളും വ്യക്തിപരമായി അറിയിക്കും. ഇതിനു പിന്നാലെ പണം കൈമാറേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവർ നൽകും. ഒരു സെറ്റിന് 2100 രൂപയാണ് നൽകേണ്ടത്. വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇരട്ടി തുക തിരികെ അക്കൗണ്ടിലേക്ക് ഇവർ നൽകും. തുടർന്നുള്ള ദിവസങ്ങളിൽ വലിയ തുകയ്ക്ക് വാതുവയ്ക്കുന്നതിന് ഇവർ പ്രേരിപ്പിക്കും. പണം നൽകിക്കഴിഞ്ഞാൽ വാട്ട്‌സാപ്പ് അക്കൗണ്ട് ബ്ലോക്കാക്കും. പണം കൈമാറ്റത്തിന്റേതടക്കം എല്ലാ സന്ദേശങ്ങളും വാട്ട്‌സാപ്പ്, ടെലിഗ്രാം വഴിയാണ്.

വാട്ട്സാപ്പ് വഴി വോയ്‌സ് കോളോ സാധാരണ ഫോൺ കോളുകളോ സംഘം അനുവദിക്കില്ല. ഇത്തരത്തിൽ നിരവധിപ്പേർക്കു പണം നഷ്ടമായിട്ടും നാണക്കേടും നിയമനടപടികളും ഭയന്ന് ആരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല. പണം കൈമാറാൻ ജാർഖണ്ഡിലെ വനമേഖലയായ ലതിഹറിലെ ബാങ്ക് അക്കൗണ്ടാണ് നൽകിയത്. 8603982211 എന്ന നമ്പരിൽനിന്നാണ് സന്ദേശമെത്തുന്നത്.