ഏറ്റുമാനൂർ: എം.സി.റോഡിൽ പട്ടിത്താനം ചുമടുതാങ്ങിയിൽ നിയന്ത്രണംവിട്ട ലോറി മതിലിലിടിച്ചുമറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായിക്ക്‌ ഗുരുതരമായി പരിക്കേറ്റു.

ആന്ധ്ര മുമ്മുടി സ്വദേശി രമേശാണ്‌ (37) മരിച്ചത്. പരിക്കേറ്റ സായി ബാബു(38)വിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ 2.50-നായിരുന്നു അപകടം. ആന്ധ്രയിൽനിന്ന് ഏറ്റുമാനൂർ മാർക്കറ്റിലേക്ക്‌ മീനുമായി എത്തിയതായിരുന്നു ലോറി. ലോറിക്കുള്ളിൽ കുരുങ്ങിക്കിടന്ന ഇരുവരെയും പോലീസും അഗ്നിരക്ഷാസേനയും ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.

ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിന്റെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നാണ് അഗ്നിരക്ഷാസേന എത്തിയത്. ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷനുകളിൽനിന്ന്‌ പോലീസും എത്തി. കുറവിലങ്ങാട് പോലീസ് കേസെടുത്തു.

സ്ഥിരം അപകടമേഖലയാണ് ഈ ഭാഗം. ജനുവരി പത്തിന്‌ പുലർച്ചെ, തേങ്ങയുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് കാബിനിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചിരുന്നു. റോഡിന് വീതിയില്ലാത്തതും വളവുമാണ് ഇവിടത്തെ പ്രധാന പ്രശ്നം.