പത്തനംതിട്ട: കോവിഡ് ചികിത്സാകേന്ദ്രത്തിൽ പതിനാറുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ സി.എഫ്.എൽ.ടി.സി.യിലാണ് സംഭവം. ചെന്നീർക്കര സ്വദേശിയും താത്കാലികജീവനക്കാരനുമായ പ്രതി ബിനു(30)വിനെ പോലീസ് അറസ്റ്റുചെയ്തു. ഓഗസ്റ്റ് 27-നാണ് പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഒന്നിനാണ് പെൺകുട്ടിക്കുനേരേ അതിക്രമമുണ്ടായത്. പെൺകുട്ടി, തന്റെ ദുരനുഭവം കൗൺസിലിങ്ങിനിടെ തുറന്നുപറയുകയായിരുന്നു.

ആശുപത്രിവാസത്തിനിടെയുണ്ടായ സൗഹൃദം, ശുചീകരണജോലിക്കാരനായ ബിനു ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒരു മുറിയിൽ ഒരു രോഗി എന്നനിലയിലുളള സജ്ജീകരണമായിരുന്നു ഇവിടെ.

ഒന്നാംതീയതി പകലാണ് ബിനു പെൺകുട്ടിയോട് മോശമായി പെരുമാറിയത്. തൊട്ടടുത്ത ദിനം ചികിത്സാകേന്ദ്രത്തിൽനിന്ന്‌ പെൺകുട്ടി ഒാട്ടോറിക്ഷയിൽ വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ, ഏറെസമയത്തിനുശേഷവും വീട്ടിലെത്തിയില്ല. അമ്മ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ, പെൺകുട്ടിയെ അടിച്ചിപ്പുഴയിൽ കൂട്ടുകാരിയുടെ വീട്ടിൽ കണ്ടെത്തി. തുടർന്നാണ് കൗൺസിലിങ്ങ് നടത്തിയത്.

പ്രതിക്കെതിരേ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.

ഒരുവർഷംമുന്പ് ആറന്മുളയിൽ കോവിഡ് രോഗബാധിത, ആംബുലൻസിൽ പീഡനത്തിനിരയായിരുന്നു.