കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.എൽ.എ.യുമായിരുന്ന പി.ജയരാജന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. നിലവിലെ ചികിത്സയ്ക്കൊപ്പം മോണോക്ലോനൽ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ്‌ ന്യൂമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി.ടി. സ്കാൻ ഉൾപ്പെടെ നടത്തുന്നതിനും മെഡിക്കൽ ബോർഡ്‌ തീരുമാനിച്ചു.

അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവും രക്തസമ്മർദവും ഇപ്പോൾ സാധാരണനിലയിലാണെന്ന് ബോർഡ് വിലയിരുത്തി. കോവിഡ്‌ ബാധിച്ചതിനെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾ കാരണം ഭക്ഷണംപോലും കഴിക്കാൻ സാധിക്കാതെ തീർത്തും ക്ഷീണിതനായാണ് ശനിയാഴ്ച അർധരാത്രിയോടെ അദ്ദേഹത്തെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.