പയ്യന്നൂർ: കോറോം സെൻട്രലിലെ കൊതോളി ഹൗസിൽ കെ.വി. സുനിഷ ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളെ പ്രതിചേർത്തു. ഭർത്താവ് വെള്ളൂർ ചേനോത്തെ കിഴക്കേപുരയിൽ വിജീഷിന്റെ അച്ഛൻ പി. രവീന്ദ്രനെയും അമ്മ കെ.പി. പൊന്നുവിനെയുമാണ് അന്വേഷണസംഘം പ്രതിചേർത്തത്. ഗാർഹികപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്.

കഴിഞ്ഞ മാസം 29-ന് വൈകീട്ടാണ് ഭർത്തൃവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുനിഷയുടെ ബന്ധുക്കൾ ആരോപിക്കുകയും ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവിടുകയും ചെയ്തിരുന്നു. സഹോദരനെയും ബന്ധുക്കളെയും ചോദ്യം ചെയ്ത പോലീസ് സുനിഷയുടെയും വിജീഷിന്റെയും മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസിൽ പ്രതിചേർത്തെങ്കിലും ഇരുവരെയും ഇപ്പോൾ അറസ്റ്റ് ചെയ്യില്ല. വിജീഷിന്റെ അമ്മ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലും അച്ഛൻ വീട്ടിൽ സമ്പർക്കവിലക്കിലുമാണ്.