തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സി.യിലേക്ക് കൊണ്ടുവന്ന കൂറ്റൻ യന്ത്രങ്ങൾ കയറ്റിയ വാഹനം കൊച്ചുവേളിയിൽ ഒരുവിഭാഗം ആളുകൾ മണിക്കൂറുകളോളം റോഡിൽ തടഞ്ഞിട്ടു. ചരക്ക് വാഹനം പോകുന്ന പാത സംബന്ധിച്ച തർക്കവും യന്ത്രങ്ങൾ ഇറക്കുന്നതിന് കൂലി ആവശ്യപ്പെട്ടുമായിരുന്നു വാഹനം തടഞ്ഞത്.

പൂർണമായും ക്രെയിനിൻറെ സഹായത്തോടെ മാത്രമേ വാഹനത്തിലുള്ള യന്ത്രഭാഗങ്ങൾ ഇറക്കാൻ കഴിയൂ. എന്നാൽ യന്ത്രങ്ങളുടെ ഭാരത്തിന് ആനുപാതികമായി പ്രതിഷേധക്കാർ ലക്ഷങ്ങൾ ആവശ്യപ്പെട്ടതായി യന്ത്രങ്ങൾ കൊണ്ടുവന്ന കരാറുകാർ പറയുന്നു. ഇത് നോക്കുകൂലിയാണ്. പോലീസും നാട്ടുകാരും അധികൃതരും ഇടപെട്ടുള്ള ചർച്ചകൾക്ക് ശേഷം വാഹനം ഐ.എസ്.ആർ.ഒ. നിശ്ചയിച്ച വഴിയിലൂടെ തന്നെ വി.എസ്.എസ്.സി. വളപ്പിലെത്തിച്ചു.

184 ടൺ ഭാരമാണ് യന്ത്രങ്ങൾക്കുള്ളത്. ടണ്ണിന് രണ്ടായിരം രൂപ കയറ്റിറക്ക് കൂലിയായി വേണമെന്നായിരുന്നു പ്രദേശവാസികളായ ഒരു വിഭാഗത്തിന്റെ ആവശ്യം.

കൊല്ലം തുറമുഖത്ത് നിന്ന് രണ്ടാഴ്ചയെടുത്താണ് വാഹനവും യന്ത്രങ്ങളും തുമ്പയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ വി.എസ്.എസ്.സി. യിലേക്ക് ഇത് എത്തിക്കുന്നതിനിടയിലാണ് ലോറി പോകുന്ന പാത സംബന്ധിച്ചുള്ള തർക്കമുയർന്നത്. രാവിലെ ഇടവക ഭാരവാഹികൾ, തുമ്പ സി.ഐ., ലോറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ തമ്മിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ദൂരക്കൂടുതലുള്ള കനാൽ ഗേറ്റ് വഴിയല്ലാതെ വേളി പാലം വഴി നേരിട്ട് വി.എസ്.എസ്.സി.യിലേക്ക് വാഹനം പോകണമെന്നായിരുന്നു ആവശ്യം. ചർച്ച ധാരണയാകുന്നതിനിടെ സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ആളുകൾ പ്രതിഷേധവുമായി എത്തി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. പ്രദേശവാസികൾ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. തുടർന്ന് വലിയവേളി പള്ളിവികാരി ഫാ. യേശുദാസും സ്ഥലത്തെത്തി ചർച്ചയിൽ പങ്കാളിയായി.

യന്ത്രങ്ങൾ എത്തിക്കുന്നതിന് കരാർ ഏറ്റെടുത്ത കമ്പനിക്കാണ് കയറ്റിറക്ക് ചുമതലയുള്ളത്. പുണെയിൽ നിന്ന് യന്ത്രങ്ങൾ എത്തിക്കുന്നതിന്റെ പൂർണ ചുമതല ടാറ്റാ ഗ്രൂപ്പിനാണ് വി.എസ്.എസ്.സി. നൽകിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിൽ നിന്നും ഉപകരാറെടുത്ത ഗ്ലോബൽ എക്സ്‌പ്രസ്‌ എന്ന കമ്പനിയാണ് കൂറ്റൻ യന്ത്രങ്ങൾ കൊല്ലത്ത് നിന്നും തിരുവനന്തപുരത്തെത്തിച്ചത്. തർക്കവും പ്രതിഷേധവും ഉണ്ടായതോടെ ഇവരുടെ പ്രതിനിധികളും സംസ്ഥാന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടു.

കയറ്റിറക്കവുമായി ബന്ധപ്പെട്ട് ആരെങ്കിലും ജോലി ചെയ്താൽ കൂലി നൽകാൻ തയ്യാറാണെന്ന് പ്രോജക്ട് കൺസൾട്ടന്റായ രാജേശ്വരി പ്രതിഷേധക്കാരോട് പറഞ്ഞു. ജോലി ചെയ്തതിനുള്ള കൃത്യമായ രേഖകളും തരേണ്ടിവരുമെന്നവർ അറിയിച്ചു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്. മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമുള്ളതെന്നും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

റൂട്ട് സംബന്ധിച്ച തർക്കമാണ് നടന്നതെന്ന് തുമ്പ സി.ഐ. ആർ.ശിവകുമാർ പറഞ്ഞു.