തിരുവനന്തപുരം: വനമേഖലകളെ ബന്ധിപ്പിച്ച് കാട്ടാനകൾക്ക് ഇടനാഴി നിർമിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചില്ല. വനമേഖല രേഖാമൂലം മാറ്റിവെച്ചതല്ലാതെ ആദിവാസി കോളനികളും തോട്ടങ്ങളും ഒഴിപ്പിച്ച് കാട്ടാനകൾക്ക് കടന്നുപോകാൻ പാകത്തിൽ ആനത്താര ഒരുക്കിയില്ല.

2017-ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും ചേർന്ന് നടത്തിയ പഠനത്തിലാണ് ഏഴ് ഇടനാഴികൾ നിർദേശിക്കപ്പെട്ടത്. വയനാട് ജില്ലയിലെ ബേഗൂർ-ബ്രഹ്മഗിരി, തിരുനെല്ലി-കുദ്രാക്കോട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ-അപ്പൻകാപ്പു, നിലമ്പൂർ കോവിലകം-ന്യു അമരമ്പലം, നിലമ്പൂർ മുതുമല-ഒ. വാലി-നിലമ്പൂർ എന്നീ അഞ്ച് ആനത്താരകൾക്കുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പ് സർക്കാരിനു നൽകിയ റിപ്പോർട്ട്.

എന്നാൽ, മനുഷ്യസാന്നിധ്യം ഒഴിവാക്കി കാട്ടാനകൾക്കു സഞ്ചരിക്കാൻ പാകത്തിൽ ആനത്താരകൾ ഒരുക്കിയിട്ടില്ല. ബേഗൂർ-ബ്രഹ്മഗിരി, നിലമ്പൂർ കോവിലകം-ന്യു അമരമ്പലം ഭാഗത്തുമാത്രമാണ് പേരിനെങ്കിലും ആനത്താരകൾ സജ്ജമായത്. ഗൂഡല്ലൂർ റോഡ് ഇതിലൂടെയാണ് കടന്നുപോകുന്നത്. കാട്ടാനകൾക്ക് റോഡ് മുറിച്ചുകടക്കാൻ പാകത്തിൽ വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശവാദം.

അപ്പൻകാപ്പുവിൽ ഏഴുതോട്ടങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് തുക അനുവദിച്ചിട്ടില്ല. തോട്ടം ഉടമകൾ സ്ഥാപിച്ചിട്ടുള്ള സൗരവേലികൾ കാട്ടാനകളുടെ വഴി തടസ്സപ്പെടുത്തുന്നുണ്ട്. കണ്ണൂർ-വയനാട് ജില്ലകളിലെ കൊട്ടിയൂർ-പേര്യ പ്രദേശങ്ങളെ ബന്ധിപ്പിച്ചും വയനാട് പേര്യയിലും ആനത്താരയ്ക്കു സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. ഇവിടെ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള തുകയും വനംവകുപ്പിന്റെ കൈവശമില്ല.

വനമേഖലയെയും മൃഗസംരക്ഷണകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നവിധത്തിൽ ഇടനാഴി നിർമിക്കുകയാണ് പദ്ധതി. വയനാട്, ശെന്തുരുണി വന്യജീവിസങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവയിലടക്കം 2090.49 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കുവേണ്ടത്. 1861 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട പദ്ധതിക്ക് 645 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയുടെ സഹായം തേടിയിട്ടുണ്ട്.