തൃശ്ശൂർ: പരിഷ്കരിച്ച കുർബാനക്രമവും അർപ്പണ രീതിയും നടപ്പാക്കുമെന്ന് തൃശ്ശൂർ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും അറിയിച്ചു.

തൃശ്ശൂർ അതിരൂപതാ കാര്യാലയത്തിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും ഇടയലേഖനം വായിച്ചു. സിനഡ് തീരുമാനങ്ങൾ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട, തൃശ്ശൂർ അതിരൂപതകളിലെ ഒരുവിഭാഗം വൈദികർ ഞായറാഴ്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹർജി നൽകി.

ഇടയലേഖനം ഹൃദയപൂർവം സ്വീകരിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കുർബാന പരിഷ്കാരം ഒരേ മനസ്സോടെ നടപ്പാക്കണമെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചിട്ടില്ലെന്ന് പുതിയ കുർബാന രീതിയെ എതിർക്കുന്ന തൃശ്ശൂർ അതിരൂപതയിലെ മുതിർന്ന വൈദികരും ഇരിങ്ങാലക്കുട രൂപത ലിറ്റർജിക്കൽ ആക്‌ഷൻ കമ്മിറ്റി കൺവീനർ ഫാ. ജോൺ കവലക്കാട്ടും പറഞ്ഞു.