തിരുവനന്തപുരം: മാർക്കും ഗ്രേഡും രേഖപ്പെടുത്താത്ത ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിലെ കോഴ്‌സുകളിൽ അഡ്മിഷൻ നൽകുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ മാർക്കോ ഗ്രേഡോ ഇല്ലാതെ ഓൾ പ്രമോഷൻ നൽകിയത് ആ കുട്ടികൾക്ക് കേരളത്തിലെ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ തടസ്സമായി. അതുപോലെ, വിവിധ സംസ്ഥാനങ്ങളിലുള്ള കോഴ്‌സുകളിൽ ചേരാൻ കേരളത്തിലെ കുട്ടികൾക്കും ഗ്രേഡ്, മാർക്ക് എന്നിവ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണ്ടിവരും.

വരുംകാല മത്സരപ്പരീക്ഷകൾക്കും ഈ സർട്ടിഫിക്കറ്റ് ഉപകാരപ്പെടും. അതിനാൽ പ്ലസ്‌വൺ പരീക്ഷ നടത്തുകയെന്നതാണ് സംസ്ഥാനത്തിന്റെ താത്പര്യം. പ്ലസ്‌വൺ പരീക്ഷ സംബന്ധിച്ച് 13-ാം തീയതി കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ വിവരങ്ങൾ കൈമാറും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കും. പരീക്ഷയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിൽനിന്നു ബന്ധപ്പെട്ടവർ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസൃത നടപടിക്കുള്ള നിർദേശംനൽകി. എൽ.പി., യു.പി., പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് പെട്ടെന്നു തീർപ്പാക്കാൻ പരിശ്രമംനടത്തുമെന്നും മന്ത്രി ഉറപ്പുനൽകി.