കാട്ടിക്കുളം: വന്യമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയുമെല്ലാം പാട്ടിനുവിട്ട് ബാവലിക്ക് ഇത് കൃഷിക്കാലമാണ്. ഒരുകാലത്ത് കൃഷി ഉപേക്ഷിക്കപ്പെട്ട വയലുകളെയെല്ലാം തിരിച്ചുപിടിച്ച് ബാവലി നെൽപ്പാടങ്ങളിൽ പ്രതീക്ഷകളുടെ പച്ചപ്പണിയുന്നു. കർണാടകയിലെ ഈ അതിർത്തി ഗ്രാമത്തിൽ ഇത്തവണ മഴ പതിവിലും കുറവാണ്. എങ്കിലും കൃഷിചെയ്യുന്നതിൽനിന്ന്‌ കർഷകർ വിട്ടുനിൽക്കാനില്ല. കാട്ടുപന്നിയെയും മാൻ കൂട്ടങ്ങളെയും കാട്ടാനകളെയുമെല്ലാം കണികണ്ടുണരുന്ന ഗ്രാമവാസികൾക്ക് ഇന്നും കൃഷിതന്നെയാണ് ജീവിതമാർഗം. ഒന്നിനോടും പരിഭവമില്ലാതെ പകലന്തിയോളം പണിയെടുക്കുന്ന ഈ വനവാസികൾക്ക് വന്യമൃഗങ്ങളോടൊന്നും പ്രതികാരമില്ല. പരമ്പരാഗതമായ കൃഷിരീതികളാണ് ഇവർ പിന്തുടരുന്നത്. പൈതൃകമായ നെൽവിത്തുകളുടെ ശേഖരംതന്നെ ഇവർക്കിടയിലുണ്ട്. വനത്തിന് നടുവിലെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവരുടെ ജീവിതത്തിന് അടിത്തറ നൽകിയത്. നെല്ലു കതിരിടുമ്പോഴേക്കും പാടത്തിന്റെ കരകളിൽ മുഴുവൻ ഏറുമാടം നിരന്നിരിക്കും. രാത്രിയിലും പകലുമെല്ലാം കാവൽപ്പുരകളിൽ ആളുകളുണ്ടാകും. പിന്നെ കൊയ്ത്തുകഴിയുന്നതുവരെ ഇവർക്ക് ഉറക്കമില്ലാരാവുകളാണ്. വന്യജീവികളുടെ നിരന്തരമായ ശല്യമുണ്ടെങ്കിലും നെൽപ്പാടങ്ങൾ തരിശായി കിടക്കാറില്ല. പുരാതനമായ കാർഷിക പാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ് ഇവിടെ കാണാൻ കഴിയുക. യന്ത്രവത്കരണം ഭാഗികം മാത്രമാണ്. കന്നുകാലികളെക്കൊണ്ട് നിലമുഴുതുന്ന രീതിയും ഇവർ ഉപേക്ഷിച്ചിട്ടില്ല. എല്ലാം അനുകൂലമായാൽ പട്ടിണിയില്ലാതെ കഴിയാനുള്ള നെല്ല് കിട്ടും.

പ്രതിരോധമാണ് അതിജീവനം

ഏറ്റവും കൂടുതൽ വനനിയമങ്ങളാൽ ദുർബലപ്പെട്ട ഗ്രാമം കൂടിയാണിത്. ഏതുകാലത്തും വനനിയമങ്ങൾ പരിഷ്കരിക്കപ്പെടുമ്പോഴും ഗ്രാമവാസികളുടെ സ്വതന്ത്ര്യത്തിന് കൂച്ചുവിലങ്ങുകൾ വീണുകൊണ്ടേയിരിക്കുന്നു. വന്യജീവി സങ്കേതത്തിന് നടുവിലായതിനാൽ ഏതുസമയവും കാടിന് പുറത്തേക്ക് പോകാനുള്ള ഉത്തരവുകൾ വരാം. കടുവ സങ്കേതമായാലും ഇല്ലെങ്കിലും വനനിയമങ്ങൾ അനുസരിച്ചേ മതിയാകൂ. ഇതെല്ലാം മനസ്സിലുണ്ടെങ്കിലും ജനിച്ച മണ്ണിനോട് ചേർന്നുനിൽക്കാൻ തന്നെയാണ് ഇവർക്ക് ഇന്നും ഇഷ്ടം. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ വലിയ പദ്ധതികളാണ് ഈ ഗ്രാമത്തെ കാത്തുനിൽക്കുന്നത്. കാടിനോടും വന്യജീവികളോടും ചങ്ങാത്തം ഏറെയുള്ള ഇവരുടെ മനസ്സിനെ ഇവിടെനിന്ന്‌ പറിച്ചുനടാൻ ഏതുതരം പദ്ധതി കൊണ്ടുവരുമെന്ന അശങ്കയിലാണ് അധികൃതരെല്ലാം. കടുത്ത പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും അലയൊലികൾ തീർക്കുമ്പോൾ നിശ്ശബ്ദമായൊരു കാർഷിക വിപ്ളവത്തിന്റെ കഥകളാണ് ബാവലിക്കും പറയാനുള്ളത്.

ഒരു പ്രാഥമിക വിദ്യാലയവും തപാലാപ്പീസുമാണ് ഇവിടെ സർക്കാർ തുടങ്ങിയ സ്ഥാപനങ്ങൾ. പിന്നീട് രണ്ടു ചെക്‌പോസ്റ്റുകളും വന്നു. ഇതല്ലാതെ മറ്റ് സ്ഥാപനങ്ങളൊന്നുമില്ല. അന്തസ്സംസ്ഥാന യാത്രികർക്കായി തുടങ്ങിയ ഭോജനശാലയും ചായക്കടയും പേരിനുണ്ട്. നൂറ്റാണ്ടിന്റെ ചരിത്രമുള്ള പാലംകടന്നാൽ കർണാടകയാണ്. ബാവലി പുഴ ഗ്രാമത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്നു. വേനൽക്കാലത്ത് കൃഷിയിടത്തിൽ നനവെത്തിക്കുന്നത് ഈ പുഴയാണ്.

ചുരുങ്ങുന്ന പാടങ്ങൾ

കാടിന്റെ നടുവിലെ ഈ നെല്ലറ തിരുനെല്ലിയുടെ മൊത്തം നെല്ലുത്പാദനത്തിൽ മുഖ്യപങ്കാണ് വഹിക്കുന്നത്. കൃഷി നിലനിൽക്കണമെങ്കിൽ പ്രത്യേക പ്രോത്സാഹന പദ്ധതികൾ ഇനി വേണ്ടിവരുമെന്നാണ് ഇവിടത്തെ കർഷകർ പറയുന്നത്. മുമ്പൊക്കെ റോഡ് അതിർത്തിമുതൽ ചേകാടി റോഡ് വരെയുള്ള പാടങ്ങൾ മുഴുവൻ കൃഷിയുണ്ടായിരുന്നു. ഇപ്പോൾ ഇതിന്റെ പകുതിയോളം ഭാഗം തരിശായി മാറി. പുഴയുടെ തീരദേശങ്ങളിൽ വർഷങ്ങളിൽ രണ്ട് കൃഷി നടക്കും. അതിർത്തി ഗ്രാമമായതിനാൽ നെല്ലിനും പുല്ലിനുമെല്ലാം ആവശ്യക്കാരുണ്ട്. എങ്കിലും ഉയരുന്ന ചെലവുകൾ ഇവരെ തളർത്തുന്നു. തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും നെല്ലിന് വിലയില്ലാത്തതുമെല്ലാം ഇവരുടെ സങ്കടങ്ങളാണ്. തോട്ടം കുറവായതിനാൽ മിക്കവർക്കും വയലിൽനിന്നും കിട്ടുന്ന ആദായമാണ് വരുമാനം. മറ്റു തൊഴിലുകൾ കുറവായ പ്രദേശത്ത് വയൽപ്പണിയിൽനിന്ന്‌ കിട്ടുന്ന കൂലിയാണ് തൊഴിലാളികളുടെയും പ്രധാന വരുമാനം.