കൊല്ലം : ഒരു വയസ്സ് പൂർത്തിയാകുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഇപ്പോഴും ലോഗോ ഇല്ല. പ്രകാശനംചെയ്ത ലോഗോ, വിവാദത്തെത്തുടർന്ന് ജനുവരി 11-ന് മരവിപ്പിച്ചതാണ്. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധസമിതി ഇക്കാര്യം പരിശോധിക്കുമെന്നായിരുന്നു സർവകലാശാലയുടെ അറിയിപ്പ്. കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ.നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.മനോജ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

പക്ഷേ, ഈ സമിതിയുടെ യോഗം വിളിക്കാൻപോലും സർവകലാശാല അധികൃതർ തയ്യാറായിട്ടില്ല. ബജറ്റിൽ പ്രഖ്യാപിച്ച വികസനപദ്ധതികളും കോഴ്സുകളുമായി സർവകലാശാല മുന്നോട്ടുപോകുമ്പോഴും ലോഗോയുടെകാര്യം ‘മരവിച്ചു’തന്നെ നിൽക്കുകയാണ്. വിവാദ ലോഗോയെപ്പറ്റി പരാതിപ്പെട്ട കലാകാരന്മാർ അടക്കമുള്ളവരോട് ഇതുവരെ സർവകലാശാല അധികൃതർ ആശയവിനിമയംപോലും നടത്തിയിട്ടില്ല.

ആദ്യ ലോഗോയിൽ ഗുരുവിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നതാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഗുരുവചനം വികലമായി രേഖപ്പെടുത്തിയെന്നും ലോഗോ കോപ്പിയടിച്ചതാണെന്നും പരാതിയുണ്ടായി. സർവകലാശാല അംഗീകരിച്ച ലോഗോ മാറ്റണമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ ആവശ്യപ്പെടുകയും ചെയ്തു. ഗുരുവിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പു.ക.സ. സംസ്ഥാന സമിതിയംഗം ബാബു കെ.പന്മന ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതിനൽകുകയും ചെയ്തു.

ഇതേത്തുടർന്നാണ് ആദ്യ ലോഗോ മരവിപ്പിച്ചത്. ലോഗോ സംബന്ധിച്ച എല്ലാ പരാതികളും വിദഗ്ധസമിതി പരിശോധിക്കുമെന്നായിരുന്നു സർവകലാശാലയുടെ അറിയിപ്പ്. സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള വിഷയങ്ങൾ ബന്ധപ്പെട്ടവർ samithi.sreenarayanaguruou@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകണമെന്നും അറിയിപ്പുണ്ടായി. എന്നാൽ പരാതികളൊന്നും ഇതുവരെ സമിതിയുടെ പരിഗണനയ്ക്കെത്തിയിട്ടില്ലെന്നാണ് വിവരം.

അപലപനീയം

ഗുരുവിന് ഹൃദയപൂജ ചെയ്യുന്ന ആരുംതന്നെ സർവകലാശാലാ തലപ്പത്തില്ല. ഒരു ലോഗോ തിരഞ്ഞെടുക്കാൻപോലും സാധിക്കാത്തത് അതുകൊണ്ടാണ്. സർവകലാശാലാ നടപടി അങ്ങേയറ്റം അപലപനീയമാണ്.

-വെള്ളാപ്പള്ളി നടേശൻ,

എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി