കണ്ണൂർ: ശലഭങ്ങളെ സംരക്ഷിക്കാൻ ശലഭനിരീക്ഷകരുടെ കൂട്ടായ്മ. സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിൽ ശലഭങ്ങളുടെ ലാർവഭക്ഷണസസ്യം (ലാഭസ) നട്ടുവളർത്തി ‘ശലഭക്കാവ്’ ഒരുക്കി ശലഭങ്ങളെ സംരക്ഷിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന്, ഈ ആശയം മുന്നോട്ടുവെച്ച ‘മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി’ എക്സിക്യൂട്ടീവ് അംഗം ബാലകൃഷ്ണൻ വളപ്പിൽ പറഞ്ഞു. സിവിൽ എൻജിനീയറായ ഇദ്ദേഹം മലപ്പുറം അരീക്കോട് സ്വദേശിയാണ്.

പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത് ബുദ്ധമയൂരി, ചുട്ടിമയൂരി, പുള്ളിവാലൻ, ചുട്ടികറുപ്പൻ, നാരകകാളി, ഗരുഡശലഭം, നാട്ടുറോസ്, ചക്കരശലഭം, നീലക്കടുവ, കരിനീലക്കടുവ എന്നീ 10 ശലഭങ്ങളെയാണ്. ഈ ശലഭങ്ങളുടെ ലാർവകൾ വളരുന്ന മരങ്ങൾ നട്ടുവളർത്തുന്നതിനാണ് ഈ കൂട്ടായ്മ രൂപപ്പെടുത്തുന്നത്. ഓരോയിനം ശലഭങ്ങളും വ്യത്യസ്ത ചെടികളിലും മരങ്ങളിലുമാണ് മുട്ടയിടുന്നത്. പല സസ്യങ്ങളുടെയും പരാഗണം നടക്കുന്നത് ശലഭങ്ങൾ മുഖേനയാണ്. നമ്മുടെ സംസ്ഥാനശലഭമാണ് ബുദ്ധമയൂരി. ഈ ശലഭങ്ങളെ സഹ്യാദ്രിപ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇതിന്റെ ‘ലാഭസ’യാണ് മുള്ളിലം. (കരിമുരുക്ക്, കുമിറ്റിമരം) ചുട്ടിമയൂരിയുടെ ‘ലാഭസ’യാണ് തീപ്പെട്ടിമരം. ഇവ എളുപ്പത്തിൽ വെച്ചുപിടിപ്പിക്കാം. തീപ്പെട്ടിയുടെ പ്രാധാന്യം കുറഞ്ഞതോടെ ഈ മരം നാട്ടിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

കുറ്റിക്കാടുകളും ഇടനാടൻ കുന്നുകളും ചെങ്കൽക്കുന്നുകളും രണ്ടു ജാതി നീലക്കടുവകളുടെയും ആവാസസ്ഥലമാണ്. ഇവയുടെ ലാഭസയാണ് അപ്പൂപ്പൻ താടിവള്ളി. വലിയ മരങ്ങളിൽ പടർന്നുവളരുന്ന വള്ളികളിലാണ് ഇതിന്റെ പൂവും കായും ഉണ്ടാവുക. മഴക്കാലത്ത് മാത്രം വേരിൽനിന്ന് മുളച്ചുപൊന്തുന്ന ഒരു ചെടിയാണിത്. ഈ ചെടി സംരക്ഷിച്ചില്ലെങ്കിൽ നീലക്കടുവകളും ‘മാസ്ക്’ നിശാശലഭവും ഇല്ലാതാവും.

കാസർകോട് മുതൽ തിരുവനന്തപുരം വരെ സഹ്യാദ്രിയുടെ താഴ്വാരങ്ങളിലെ മനുഷ്യവാസകേന്ദ്രങ്ങളിൽ ഈ ചെടികൾ വളർത്തുകയാണ് ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. ഈ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

വിവിധ സർക്കാർ വകുപ്പുകൾ, വ്യക്തികൾ, സാമൂഹിക-സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായവും തേടും. ഈ പരിപാടിയുടെ തുടർഘട്ടങ്ങളിൽ കൂടുതൽ ശലഭങ്ങളെയും കൂടുതൽ ലാഭസ സസ്യങ്ങളെയും ഉൾപ്പെടുത്താനാവുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ശലഭക്കാവുകൾ മറ്റനേകം സസ്യജന്തുജാലങ്ങൾക്കും സംരക്ഷണമേകും.