കൊച്ചി: തുച്ഛമായ പണം മുടക്കിയാൽ ഏത് സ്പൈ ഉപകരണങ്ങളും യാതൊരു നിയന്ത്രണങ്ങളും കൂടാതെ ആർക്കും വാങ്ങാം. കടയിൽ നിന്ന്‌ ഓൺലൈനായും സമൂഹിക മാധ്യമങ്ങൾ വഴിയും ഇവ സുലഭമായി ലഭിക്കും. ഇത്തരം ഉപകരണങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്ന വീഡോയോകളും സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഇവയിൽ ഏറിയപങ്കും ചൈനീസ് നിർമിതമാണ്.

നടത്തിപ്പ്

സുരക്ഷയുടെ മറവിൽ

‘സുരക്ഷാ ഉപകരണങ്ങൾ’ എന്ന പേരിലാണ് ഇത്തരം ഉപകരണങ്ങൾ മാർക്കറ്റ് ചെയ്യുന്നത്. ഏത് രൂപത്തിലും വലിപ്പത്തിലും ഇവ കിട്ടും. പരമ്പരാഗത രീതിയിലുള്ള ചോർത്തൽ ഉപകരണങ്ങളല്ല വിപണിയിലുള്ളത്, നിത്യോപയോഗ വസ്തുക്കളുടെ രൂപത്തിലാണ് പലതും എത്തുന്നത്. ചിലപ്പോൾ ഒരു മൊബൈൽ ചാർജറിന്റെയോ കംപ്യൂട്ടർ മൗസിന്റെയോ രൂപത്തിലായിരിക്കും. ദൃശ്യങ്ങളും ശബ്ദവും മികവോടെ ഇതിൽ ശേഖരിക്കാം. എളുപ്പത്തിൽ ലാപ്‌ടോപ്പിലേക്കും മൊബൈൽ ഫോണിലേക്കും ഇതിലെ വിവരങ്ങൾ പകർത്താം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും ഇത്തരം ഉപകരണങ്ങളുടെ അനിയന്ത്രിത കച്ചവടം ഭീഷണിയാണ്. അടുത്തകാലത്തായി വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെ ട്രയൽ മുറികളിൽ നിന്നും ശൗചാലയങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ഒളിക്യാമറകൾ കണ്ടെത്തിയ നിരവധി സംഭവങ്ങളുണ്ട്.

രൂപം മാറി, ഭാവവും

മേശപ്പുറത്ത് വെയ്ക്കുന്ന ഡിജിറ്റൽ ക്ലോക്കിന്റെ രൂപത്തിലും സിം കാർഡ് ഉപയോഗിക്കാവുന്ന കംപ്യൂട്ടർ മൗസുകളുടെ രൂപത്തിലുമൊക്കെയാണ് പുതിയ ചോർത്തൽ സംവിധാനങ്ങളെത്തുന്നത്. വാച്ചുകളിൽ ഒളിപ്പിച്ച ക്യാമറകളും റെക്കോഡിങ്‌ ഉപകരണങ്ങളും ധാരാളം കിട്ടും. എച്ച്.ഡി. മികവിൽ ദൃശ്യങ്ങൾ പകർത്തും എന്നു മാത്രമല്ല, ഇതിൽ മണിക്കൂറുകളോളം തുടർച്ചയായി റെക്കോഡ് ചെയ്യാനും കഴിയും. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ ഇട്ട് നിയന്ത്രിക്കുന്ന ഉപകരണങ്ങളാണ് ഇപ്പോൾ വ്യാപകം.

വിലക്കുറവാണ് ഇത്തരം ഉപകരണങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. സമീപകാലകത്ത് സിനിമകളിലും മറ്റും ഇത്തരം ചോർത്തൽ ഉപകരണങ്ങൾ കാണിക്കുന്നത് ചെറുപ്പക്കാരെ ആകർഷിക്കുന്നുണ്ട്. ബ്ലൂ ടൂത്ത് വഴി പ്രവർത്തിക്കുന്ന ഇവയിലെ സിം നമ്പരിലേക്ക് വിളിച്ചാൽ ഉപകരണം വെച്ചിരിക്കുന്ന സ്ഥലത്തെ കാര്യങ്ങൾ ലൈവായി കാണാം. ജി.പി.എസ്. വഴി ലൊക്കേഷനും ലഭിക്കും. ഇത്തരത്തിൽ സിം കാർഡ് ഉപയോഗിക്കാൻ കഴിയുന്ന എക്സ്റ്റൻഷൻ ബോർഡുകളും ലഭ്യമാണ്.

നിലവിലുള്ളത് കർശന

നിയമങ്ങൾ

സൈബർ മാധ്യമങ്ങൾ ഉപയോഗിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും സുരക്ഷാ വിവരങ്ങൾ ചോർത്തുന്നതും കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള ശിക്ഷകൾക്ക് പുറമേ, ഐ.ടി. നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്ക് വരെ വകുപ്പുള്ളതാണ്. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ മൂന്നുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താം. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും ശിക്ഷ ലഭിക്കും. അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. കുട്ടികളാണ് ഇരയാകുന്നതെങ്കിൽ തടവുശിക്ഷ ഏഴു വർഷമാകും. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വഞ്ചിക്കാൻ ലക്ഷ്യമിട്ട് സൈബർ വിവരങ്ങൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാം. അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം. മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. തുടങ്ങിയവ മറ്റൊരാൽക്ക് സൈബർ മാധ്യമങ്ങളിലൂടെ കൈമാറുന്നതും കുറ്റകൃത്യമാണ്.

ക്യാമറക്കണ്ണുകൾ തിരിച്ചറിയാം

പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവയല്ല പുതിയതരം ഉപകരണങ്ങൾ. ചില മാർഗങ്ങൾ ഉപയോഗിച്ചാൽ ഇവയെ ഒരു പരിധിവരെ പ്രതിരോധിക്കാം. അതിൽ പ്രധാനപ്പെട്ടവയാണ് ക്യാമറ ഡിറ്റക്ടർ ആപ്ലിക്കേഷനുകൾ. പ്ലേ സ്റ്റോറിൽ പലതരം ഹിഡൻ ക്യാമറ ഡിറ്റക്ടർ ആപ്പുകൾ ലഭ്യമാണ്. ഇവ ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിൽ സ്ഥാപിച്ച് ഒളിക്യാമറകളെ തിരിച്ചറിയാം. ക്യാമറ ഉപകരണങ്ങൾ പ്രവർത്തിക്കുന്നിടത്ത് ശക്തമായ വൈദ്യുത കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടും. ഈ സ്ഥലങ്ങളിൽ നിന്ന് സെൽഫോണിൽ സംസാരിക്കുമ്പോൾ ചെറിയ മൂളൽ പോലെയുള്ള ശബ്ദം കേൾക്കാം. ഇങ്ങനെയും ഇത്തരം ഉപകരണങ്ങളെ കണ്ടുപിടിക്കാം. ഇലക്‌ട്രോണിക്സ് കടകളിൽനിന്ന്‌ ലഭിക്കുന്ന വയർലെസ് ക്യാമറ ഡിറ്റക്ടർ ഉപയോഗിച്ചും മുറിക്കുള്ളിലും മറ്റും ഒളിപ്പിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്താം.