ആലപ്പുഴ: ജീവിതനിലവാരവും ഉയർന്ന വരുമാനവുമുള്ള റേഷൻവ്യാപാരികളിൽ പലരും മുൻഗണനാകാർഡ് കൈവശംവെച്ച് സൗജന്യറേഷനും സബ്സിഡി ഭക്ഷ്യധാന്യവും തട്ടിയെടുക്കുന്നതായി കണ്ടെത്തൽ.

സംസ്ഥാനത്തെ 700-ൽപ്പരം റേഷൻവ്യാപാരികൾ തട്ടിപ്പുനടത്തിയിട്ടുള്ളതെന്നാണു പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി ജി.ആർ. അനിൽ പൊതുവിതരണവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

മുൻഗണനാ കാർഡ് അനർഹമായി കൈവശംവെച്ചവർ തിരിച്ചേൽപ്പിക്കാൻ സർക്കാർ അവസരം നൽകിയിരുന്നു. പൊതുജനങ്ങൾ കാർഡുകൾ തിരിച്ചുനൽകുകയും ചെയ്തു. ഈസമയത്തു നടന്ന പരിശോധനയിലാണ് റേഷൻവ്യാപാരികളും അനധികൃതമായി കാർഡുകൈവശംവെച്ചു ഭക്ഷ്യധാന്യം വാങ്ങുന്നതായി വ്യക്തമായത്.

അനർഹമായി മുൻഗണനാകാർഡ് കൈവശംവെച്ച് ഭക്ഷ്യധാന്യം തട്ടിയെടുത്താൽ ക്രിമിനൽ കേസെടുക്കാൻവരെ വ്യവസ്ഥയുണ്ട്. എന്നാൽ, കാർഡുടമകൾ കുറ്റക്കാരയ സംഭവങ്ങളിൽ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ കമ്പോളവിലയീടാക്കുകയാണു ചെയ്യുന്നത്. എന്നാൽ, റേഷൻവ്യാപാരികളുടെ കാര്യത്തിൽ കടുത്ത നടപടിയുണ്ടായേക്കും. ലൈസൻസുവരെ ചിലപ്പോൾ റദ്ദാക്കിയേക്കാം. തട്ടിപ്പിന്റെ വ്യാപ്തിയനുസരിച്ചായിരിക്കും അന്തിമതീരുമാനമുണ്ടാകുക.

ഓണക്കിറ്റും റേഷനും വാങ്ങാത്തവരുടെ വീടുകളിലും അന്വേഷണം

ഓണക്കിറ്റും റേഷനും വാങ്ങാത്ത മുൻഗണനാ കാർഡുടമകളുടെ വീട്ടിലും പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടന്വേഷണം നടത്തും. സംസ്ഥാനത്തെ 38 ലക്ഷത്തോളം മുൻഗണനാ കാർഡുകാരിൽ ഒന്നരശതമാനത്തോളം പേർ കിറ്റും റേഷനും വാങ്ങിയിട്ടില്ല. ഇതിന്റെ കാരണം കണ്ടെത്താനാണ് അന്വേഷണം. ഇതിനുശേഷം അനർഹരുണ്ടെങ്കിൽ അവരെ പൊതുവിഭാഗത്തിലേക്കുമാറ്റും.

റിപ്പോർട്ട് കിട്ടിയശേഷം നടപടി തീരുമാനിക്കും

അനധികൃതമായി മുൻഗണനാകാർഡ് കൈവശംവെച്ച് ഭക്ഷ്യധാന്യം തട്ടിയെടുത്ത റേഷൻവ്യാപാരികൾക്കെതിരേ വിശദമായി അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം എന്തുനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും - ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി.