ചേർത്തല: മുൻകാലങ്ങളിൽ കോൺഗ്രസിനെ നയിച്ച നേതാക്കളുടെ തെറ്റുകുറ്റങ്ങൾ ചെറുതായി തിരുത്താൻ ശ്രമിക്കുമ്പോൾ അസഹിഷ്ണുതകാട്ടേണ്ടെന്നു കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് പി.ടി. തോമസ്. അവർചെയ്ത നല്ല പ്രവർത്തനങ്ങൾ അതേപടി തുടരും. എം.എൽ.എ.മാർ പാർട്ടിക്കുള്ളിൽ എന്തുചെയ്താലും ചോദിക്കാനും പറയാനും ആളില്ലെന്ന സ്ഥിതി ഇനിയുണ്ടാകില്ലെന്നു പി.ടി. തോമസ് പറഞ്ഞു. മഹിളാകോൺഗ്രസ് സംസ്ഥാന കമ്മിറ്റി വയലാറിൽ നടത്തിയ മേഴ്‌സിരവി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് പുതിയ കെ.പി.സി.സി. നേതൃത്വം നടത്തുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥികളെ തോൽപ്പിക്കാനും മറ്റും പല ഉന്നതനേതാക്കളും ശ്രമിച്ചിട്ടുണ്ട്. അവർക്കൊന്നും പാർട്ടിയിൽ സ്ഥാനങ്ങളുണ്ടാകില്ല. പരാജയം പഠിക്കാൻ നിയോഗിച്ച സമിതികൾ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് നടപടികൾ സ്വീകരിക്കും -പി.ടി. തോമസ് പറഞ്ഞു. മുതിർന്ന നേതാവ് വയലാർരവിയുടെ സാന്നിധ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ അധ്യക്ഷയായി. നിയുക്ത ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ്, ഡി. സുഗതൻ, എ.എ. ഷുക്കൂർ, സി.കെ. ഷാജിമോഹൻ, കെ.ആർ. രാജേന്ദ്രപ്രസാദ്, അനിൽ ബോസ്, വി.എൻ. അജയൻ, ബിന്ദു ബൈജു തുടങ്ങിയവർ പങ്കെടത്തു.