ഹരിപ്പാട്: വിസ്മയ ഏഴാം ക്ലാസിലാണു പഠിക്കുന്നത്. വീട്ടിലെ പഴകിയ പെട്ടിയിൽ ഒത്തിരി കടലാസുകൾക്കിടയിൽ സൂക്ഷിക്കുന്ന ചുളിവുകൾവീണ ഒരു ചിത്രമാണ് അവൾക്ക് അച്ഛൻ. വീടിനടുത്തെ കടപ്പുറത്തിരുന്ന് അവൾ അച്ഛന്റെ ചിത്രംനോക്കി കരയും.

വിസ്മയയുടെ അച്ഛൻ ജോബിയെ കടലിൽ കാണാതായിട്ട് ഇപ്പോൾ വർഷം 11 കഴിഞ്ഞു. മീൻപിടിക്കുന്നതിനിടെ വള്ളം കടൽച്ചുഴിയിൽപ്പെട്ടുപോയതാണ്. വിസ്മയയ്ക്ക് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു ദുരന്തം. ഒപ്പമുണ്ടായിരുന്നവരിൽ മൂന്നുപേരുടെ മൃതദേഹം തീരത്തടിഞ്ഞു. നടുക്കടലിൽ നടന്ന അപകടത്തിൽ ജോബിയുടെ മൃതദേഹംപോലും കിട്ടിയില്ല. രക്ഷപ്പെടാൻ നേരിയ സാധ്യതപോലുമില്ലാത്ത ദുരന്തമായിരുന്നു. രണ്ടുലക്ഷം രൂപ സർക്കാർ അടിയന്തര സഹായമായി നൽകി. എന്നാൽ, മൃതദേഹം കിട്ടിയില്ലെന്ന കാരണത്താൽ ഇൻഷുറൻസ് ഇനത്തിൽ ലഭിക്കേണ്ട ഏഴുലക്ഷം രൂപ തടഞ്ഞുവെച്ചു.

അപകടംനടന്ന് ഏഴുവർഷത്തിനുശേഷവും ആളെപ്പറ്റി വിവരമില്ലെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. ഇന്നിപ്പോൾ വർഷം 11 കഴിഞ്ഞു. അർഹതപ്പെട്ട ആനുകൂല്യത്തിനായി വിസ്മയയും കുടുംബാംഗങ്ങളും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.

2010 ഓഗസ്റ്റ് 15-ന് കൊല്ലം വാടി തീരത്തിനു പടിഞ്ഞാറാണ് കടൽച്ചുഴിയിൽപ്പെട്ട് മത്സ്യബന്ധനവള്ളം തകർന്നത്. മത്സ്യത്തൊഴിലാളികളായ കള്ളിക്കാട് കടയിൽ കുട്ടൻ, കോടാലിച്ചിറയിൽ അംബുജാക്ഷൻ, പുത്തൻവീട്ടിൽ സന്തോഷ് എന്നിവരുടെ മൃതദേഹങ്ങൾ അടുത്തദിവസങ്ങളിലായി തീരത്തടിഞ്ഞു. മറ്റേതോ തീരത്തടിഞ്ഞതാകാമെന്നാണു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഔദ്യോഗികമായി മരണം സ്ഥിരീകരിക്കണമെങ്കിൽ മൃതദേഹം കിട്ടുകയും മരണസർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.