തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്‌സുകളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്ക് സുധീരൻ കത്തയച്ചു. തെറ്റായ മദ്യനയം തിരുത്തണമെന്നും പുതിയ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും കത്തിലുണ്ട്.

ജനങ്ങളെ മദ്യം കുടിപ്പിച്ചേ തീരൂ എന്ന പിടിവാശിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളോട് കാണിക്കുന്ന കടുത്ത ദ്രോഹമാണ്. മദ്യശാലകൾ തുറന്നുവെച്ചത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വിസ്മരിക്കരുത്. വേണ്ടരീതിയിൽ വസ്തുതകൾ വിലയിരുത്താതെ ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള ചില പരാമർശങ്ങൾ മറയാക്കിയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും സുധീരൻ കുറ്റപ്പെടുത്തി.