തിരുവനന്തപുരം: എ.ഐ.വൈ.എഫ്. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സോണി ബി. തെങ്ങമത്തിന്റെ പേരിൽ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി.ഗംഗാധരന് നൽകും. ആരോഗ്യ രംഗത്ത് അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്ന സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം.

യുവകലാസഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 11-ന് തിരുവനന്തപുരത്തു നടക്കുന്ന സോണി ബി. തെങ്ങമം അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു.