തിരുവനന്തപുരം: ആയിരം ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഉടൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

രണ്ടാംതരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കാൻ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്.

ഇറക്കുമതിചെയ്യുന്നതിൽൽനിന്ന് 500 ടൺ ആദ്യ ഗഡുവായി അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺകൂടി നീക്കിവെക്കണം. ഇതിന് വിദേശമന്ത്രാലയത്തിനു നിർദേശം നൽകണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽനിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പി.എസ്.എ. പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം.

സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കിവെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോവാക്സിനും അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരുമായി യോജിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.