കൊച്ചി: യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശകറൻസി കടത്താൻ മുഖ്യമന്ത്രിയുടെയും നിയമസഭാ സ്പീക്കറുടെയും പ്രേരണയുണ്ടായിരുന്നുവെന്ന് സ്വപ്നാ സുരേഷ് രഹസ്യമൊഴി നൽകിയെന്ന് കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്നു മന്ത്രിമാർക്കെതിരേയും തുറന്നുപറച്ചിലുകളുണ്ടെന്നാണ് കസ്റ്റംസ് രേഖയിൽ വെളിപ്പെടുത്തിയത്. സംസ്ഥാനസർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും ചില ഉന്നതരുടെ വഴിവിട്ടബന്ധങ്ങളെക്കുറിച്ചും സ്വപ്ന പറഞ്ഞിട്ടുണ്ട്.

കോഫെപോസ പ്രതിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്ന, തനിക്ക് ജയിലിൽ സുരക്ഷാഭീഷണിയുണ്ടെന്ന് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സ്വപ്നയ്ക്ക് മതിയായ സുരക്ഷനൽകാൻ സാമ്പത്തികക്കോടതി ഉത്തരവിട്ടു. ഇതിനെ ചോദ്യംചെയ്ത് ജയിൽ ഡി.ജി.പി. ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജിയിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

യു.എ.ഇ. മുൻ കോൺസുലേറ്റ് ജനറലും മുഖ്യമന്ത്രിയുമായി വളരെ അടുത്തബന്ധമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്ന വെളിപ്പെടുത്തിയതായാണ് കസ്റ്റംസ് രേഖയിലുള്ളത്.

സംസ്ഥാനത്തെ ഉന്നതപദവിയിലുള്ള ചില വ്യക്തികൾ വിവിധ ഇടപാടുകളിലായി കോഴപ്പണം കൈപ്പറ്റിയിട്ടുണ്ട്. ചില ഇടപാടുകളിൽ അറബിക്‌ പരിഭാഷകയാകാൻ നിർബന്ധിതയായതിനാൽ തനിക്ക് ഇടപാടുകളെക്കുറിച്ച് എല്ലാമറിയാം. അനധികൃത പണമിടപാടുകളിൽ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഇതെല്ലാം നടന്നത് സംസ്ഥാനസർക്കാരിന്റെ വിവിധ പദ്ധതികളുടെ മറവിലാണെന്നും സ്വപ്ന പറഞ്ഞതായാണ് റിപ്പോർട്ട്.