തിരുവനന്തപുരം: ആർ.സി.സി.യിൽ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ താമസസൗകര്യമൊരുക്കി കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോയുടെ ‘ക്രാബ് ഹൗസ്’ സജ്ജമായി. 5500 ചതുരശ്രയടിയുള്ള മൂന്നുനിലക്കെട്ടിടത്തിൽ 80 കിടക്കകളാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുക്കിയിട്ടുള്ളത്. ചികിത്സയ്ക്കായി ആഴ്ചകളോളം തലസ്ഥാനത്തു തങ്ങേണ്ടിവരുന്നവർക്ക് ആശ്വാസകരമാണ് ഈ സ്ഥാപനം.

കാൻസർ ചികിത്സയ്ക്കെത്തുന്നവരെ സഹായിക്കാൻ 1999-ൽ രൂപവത്‌കരിച്ച സന്നദ്ധകൂട്ടായ്മയായാണ് കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ. നിർധനരോഗികൾക്കു താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ, ആർ.സി.സി.ക്ക് 750 മീറ്റർ അകലെ ഐറ്റിക്കോണത്ത് 10 വർഷം മുമ്പാണ് സ്ഥലം വാങ്ങിയത്. സുമനസ്സുകളുടെ സഹായത്തോടെ ഒന്നരക്കോടി രൂപ കെട്ടിടനിർമാണത്തിനായി സമാഹരിച്ചു.

ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിൽ താമസിക്കാനെത്തുന്ന പാവപ്പെട്ട അർബുദരോഗികൾക്കാണ് പ്രവേശനം അനുവദിക്കുക. ആർ.സി.സി.യിൽനിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയായിരിക്കും താമസസൗകര്യം നൽകുക. രോഗികൾക്കു സൗജന്യഭക്ഷണം ലഭിക്കും. കൂട്ടിരിപ്പുകാർക്കും കൂടെക്കഴിയാം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ക്രാബ് ഹൗസിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10-ന് വക്കം പുരുഷോത്തമൻ നിർവഹിക്കും. ഡോ. ആർ.രാജേന്ദ്രൻനായർ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി., റിട്ട. ജസ്റ്റിസുമാരായ ആർ.രാജേന്ദ്രബാബു, സിരിജഗൻ, കൗൺസിലർ എസ്.സുരേഷ്‌കുമാർ, ക്രാബ് സെക്രട്ടറി സജ്ജികരുണാകരൻ, ദീപു രവി, ഡോ. സുധാകരൻ, ഡോ. ഷാജി പ്രഭാകരൻ, ആർ.സുഗതൻ എന്നിവർ സംസാരിക്കും.