അഞ്ചൽ (കൊല്ലം): അഴിമതിക്കെതിരേ അന്വേഷണം വരുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയയാത്രയ്ക്ക് അഞ്ചലിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികളെ തെരുവിൽ നേരിടുമെന്ന് വെല്ലുവിളിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോളർ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും വ്യക്തമായ പങ്കുള്ളതായി കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ നൽകാൻ കസ്റ്റംസ് സത്യവാങ്മൂലം തയ്യാറാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിതന്നെ കള്ളക്കടത്തിന് നേതൃത്വം നൽകുന്നതായി അന്വേഷണ ഏജൻസി വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി രാജിവെച്ച് നിയമവാഴ്ചയെ അംഗീകരിക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.