തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും സ്പീക്കർക്കും ഡോളർക്കടത്തിൽ പങ്കുണ്ടെന്നുകാണിച്ച് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം അതിഗുരുതരമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ അടിയന്തരമായി ചോദ്യംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണക്കടത്തിന്റെയും ഡോളർക്കടത്തിന്റെയും മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായി. ആരോപണങ്ങൾ ഓരോന്നും ശരിവെക്കുന്നതാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. ആരോപണവിധേയരെ പുറത്താക്കാൻ ഗവർണർ തയ്യാറാകണം. സ്വപ്നയെ രക്ഷപ്പെടുത്താനും കേസ് ഇല്ലാതാക്കാനും മുഖ്യമന്ത്രി ശ്രമിച്ചതിന്റെ കാരണം അന്വേഷണം തന്നിലേക്കെത്തുമെന്ന ഭയമാണ്. ഇത്രയും ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരേ ഉണ്ടായിട്ടും തെളിവുശേഖരിക്കാനോ അദ്ദേഹത്തെ ചോദ്യംചെയ്യാനോ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എമ്മുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ തുടക്കംമുതൽ കേസ് അട്ടിമറിക്കാനാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ശ്രമിച്ചത്. അതിനാലാണ് മുഖ്യമന്ത്രിക്കെതിരേ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ നടപടിയെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.