തിരുവനന്തപുരം: എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പി.യുടെ സമനില തെറ്റിച്ചെന്ന് സി.പി.എം. സെക്രട്ടേറിയറ്റ്. ഇത് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന. ഭരണമികവിന്റെയും രാഷ്ട്രീയനിശ്ചയദാർഢ്യത്തിന്റെയും ഫലമായി കേരളീയ പൊതുസമൂഹമനസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ സർക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണുള്ളത്. അതിൽ വിറളിപൂണ്ട് ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി.

തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധപ്പതിച്ചു. ജനങ്ങൾ വിഡ്ഢികളാണെന്നുകരുതരുത്. യു.ഡി.എഫ്.-ബി.ജെ.പി. കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും.

കസ്റ്റംസിന്റെ ഉദ്ദേശ്യം പകൽപോലെ വ്യക്തമാണ്. പ്രതികളിലൊരാൾ കോടതിയിൽ മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞതാണെന്ന രീതിയിൽ മാസങ്ങൾക്കുശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്താവനനൽകുന്നത്. ഇത് അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും തിരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനവുമാണ്.

ബി.ജെ.പി.യും കോൺഗ്രസും ഉയർത്തിയ അടിസ്ഥാനരഹിത ആരോപണങ്ങൾ കോടതികളിൽ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതിക്കൊടുക്കുന്ന പണിയാണ് ഇ.ഡി.യും കസ്റ്റംസും സി.ബി.ഐ.യും ചെയ്യുന്നത്. തരംതാണ കളിക്ക് നിൽക്കുന്നവർ ഇത്‌ കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണ്. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാൻ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാനീക്കത്തിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.