തിരുവനന്തപുരം: കോവിഡ് പ്രതിരോധമരുന്ന് സ്വീകരിച്ചശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾമൂലം ആരെങ്കിലും മരിച്ചാൽ മൃതദേഹം പോസ്റ്റ്‌മോർട്ടംചെയ്യാനുള്ള മാർഗരേഖ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകി. അത്തരം സാഹചര്യമുണ്ടായാൽ മൃതദേഹം മെഡിക്കൽ കോളേജിലോ ജില്ലാതല ആശുപത്രികളിലോ മാത്രമേ പോസ്റ്റ്‌മോർട്ടം നടത്താവൂ.

ഫൊറൻസിക് വിദഗ്ധനും പത്തോളജിസ്റ്റും ചേർന്നുവേണം പോസ്റ്റ്‌മോർട്ടം നിർവഹിക്കാൻ. എല്ലാ നടപടികളും വീഡിയോയിൽ ചിത്രീകരിക്കണം. ആന്തരാവയവങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി സാമ്പിൾ മെഡിക്കൽ കോളേജിലെ നിർദിഷ്ട ലാബിലേക്കോ ഫൊറൻസിക് ലാബിലേക്കോ അയക്കണം.

പ്രതിരോധമരുന്നിന്റെ പാർശ്വഫലംമൂലമാണോ മരണം സംഭവിച്ചത്‌ എന്നതടക്കമുള്ള പഠനങ്ങൾക്കായാണ് സൂക്ഷ്മമായ പോസ്റ്റ്‌മോർട്ടം നിർദേശിക്കുന്നത്. മരുന്ന് സ്വീകരിച്ചവരിൽ ആർക്കും സംസ്ഥാനത്ത് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

മൂന്നരലക്ഷത്തിലധികം പേർ സംസ്ഥാനത്ത് മരുന്ന് സ്വീകരിച്ചു; രാജ്യത്ത് 1.8 കോടി പേരും. ഇതിൽ 32.08 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചു.