കൊച്ചി: സ്വർണം-ഡോളർക്കടത്ത് കേസുകളിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയിലെ മൂന്ന് മന്ത്രിമാർ, ഉന്നതരാഷ്ട്രീയ വ്യക്തിത്വങ്ങൾ, ബ്യൂറോക്രാറ്റുകൾ എന്നിവരുടെ പേരുകളൊന്നും കസ്റ്റംസ്‌ വെളിപ്പെടുത്തിയിട്ടില്ല.

ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിൽ ‘മുഖ്യമന്ത്രി’ എന്നുമാത്രമേയുള്ളൂ. ഏതു സംസ്ഥാനത്തിന്റെയെന്നുപോലും പറഞ്ഞിട്ടില്ല. എന്നാൽ, നിയമസഭാസ്പീക്കർ, മൂന്നു മന്ത്രിമാർ എന്നിവർ കേരളത്തിന്റെതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും ആരുടെയും പേരുകൾ പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. മുൻ കോൺസൽ ജനറൽ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിങ്ങനെ പദവികൾ മാത്രമാണ് പരാമർശിച്ചുപോകുന്നത്.