കൊച്ചി: ആർ.എസ്.എസ്. നേതാവായിരുന്ന കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.) ചുമത്തിയത് ചോദ്യംചെയ്ത് സി.പി.എം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ യു.എ.പി.എ. നിലനിൽക്കുമെന്നും അന്വേഷണ ഏജൻസിയായ സി.ബി.ഐ. കേന്ദ്രത്തിന്റെ അനുമതിവാങ്ങിയതിനാൽ അപാകമില്ലെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.

2018 മാർച്ചിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. യു.എ.പി.എ.ചുമത്തിയതിനെയാണ് അന്നും ചോദ്യംചെയ്തത്. യു.എ.പി.എ. ചുമത്തിയതല്ല, കേന്ദ്രസർക്കാർ നൽകിയ അനുമതിയുടെ സാധുതയാണ് വിഷയമെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് ഇക്കാര്യം വിചാരണവേളയിലാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

കോടതിയുടെ ഈ നിലപാടിനെയാണ് അപ്പീലിൽ ചോദ്യംചെയ്തത്. വസ്തുതകൾ മനസ്സിലാക്കാതെയാണ് സിംഗിൾബെഞ്ച് വിധിയെന്നായിരുന്നു വാദം. യു.എ.പി.എ. ചുമത്തിയതിനാൽ കേസിലെ 15 പ്രതികൾക്ക് അഞ്ചുവർഷമായി ജാമ്യം ലഭിച്ചിട്ടില്ല. യു.എ.പി.എ. ചുമത്താനുള്ള അനുമതി ആരുനൽകണമെന്ന നിയമപ്രശ്നം പരിഗണിക്കണമെന്നും വാദിച്ചു. എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

2014 സെപ്റ്റംബർ ഒന്നിനാണ് ആർ.എസ്.എസ്. ഭാരവാഹിയായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ടത്. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ. ഒന്നാംപ്രതി വിക്രമൻ ഉൾപ്പെടെ 19 പ്രതികൾക്കെതിരേ തലശ്ശേരി സെഷൻസ് കോടതിയിൽ ആദ്യം കുറ്റപത്രം നൽകിയിരുന്നു. 2017 ഓഗസ്റ്റ് 29-ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് പി. ജയരാജനടക്കം ആറുപേരെ ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തിയത്.