പാലാ: തിരുവല്ലയിൽ സി.പി.എം.നേതാവ് കൊല്ലപ്പെട്ട സംഭവം രാഷ്‌ട്രീയ കൊലപാതകമാക്കി മാറ്റാൻ ശ്രമംനടക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ലയിൽ നേരത്തേ സി.പി.എം.-ആർ.എസ്.എസ്. സംഘർഷങ്ങൾ ഉണ്ടായിട്ടില്ല.

പോലീസിനെ ഭീഷണിപ്പെടുത്തി രാഷ്ട്രീയ കൊലപാതകമാക്കാനാണ് ശ്രമം. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്ക് തീർക്കരുത്. തിരുവല്ലയിൽ സംഘർഷം ഉണ്ടാക്കാനുള്ള നീക്കങ്ങളിൽനിന്ന് സി.പിഎം. പിന്മാറണം.

കഞ്ചാവ് മാഫിയയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണം. സംഭവത്തിൽ പോലീസിനെക്കൊണ്ട് എഫ്.ഐ.ആർ. തിരുത്തിക്കുകയായിരുന്നു. ഭീഷണിക്ക് പോലീസ് വഴങ്ങുകയാണ്. പോലീസുകാരും മനുഷ്യരാണ്. ഭീഷണിക്ക് അവരും വഴങ്ങും. പത്തനംതിട്ടയിലെ പാർട്ടി പിരിച്ചുവിടാൻ കോടിയേരി തയ്യാറാകണം.

പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് അബദ്ധം പറയുകയാണ്. കെ.റെയിൽ ഹരിത പദ്ധതിയായി ചിത്രീകരിക്കരുത്. ഹരിതപദ്ധതിയുടെ അർഥം അറിയുന്ന ആരും അങ്ങനെ ചെയ്യിെല്ലന്നും വി.മുരളീധരൻ പറഞ്ഞു.

സൗഹൃദസന്ദർശനമെന്ന്‌ വിശദീകരണം

പാലാ ബിഷപ്പിനെ കണ്ടത്‌ സൗഹൃദ സന്ദർശനം മാത്രമാണെന്നും വി.മുരളീധരൻ വിശദീകരിച്ചു. നർക്കോട്ടിക് ജിഹാദിനെതിരേ പറഞ്ഞപ്പോൾ എല്ലാവരുംകൂടി ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിച്ചു. അതിനുശേഷം കേരളത്തിൽനടന്ന സംഭവങ്ങൾ, ഈ സമീപനം സ്വീകരിച്ചാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ്. ചില സമുദായങ്ങൾക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് സി.പി.എം. കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.