ചീമേനി: പോലീസുകാരനായ യുവാവിനെ വിവാഹദിനം രാവിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് എ.ആർ. ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ ആലന്തട്ടയിലെ പി.ടി. വിനീഷിനെ (30) ആണ് വീടിന് മുകളിലെ മുറിയോട്‌ ചേർന്ന്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ആലന്തട്ടയിലെ വീട്ടിൽ അടുത്ത ബന്ധുകൾക്കും സുഹൃത്തുക്കൾക്കും ചെറിയ തോതിൽ സത്കാരം നടത്തിയിരുന്നു. രാത്രി 11 മണിവരെ വിനീഷ് അതിൽ സജീവമായി പങ്കെടുത്തിരുന്നു. ഞായറാഴ്ച തൃക്കരിപ്പൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം നടക്കാനിരുന്നത്.

രാവിലെ ആറുമണിക്ക് സഹോദരനാണ് മുകളിലെ മുറിയുടെ പുറത്ത് തൂങ്ങിമരിച്ചനിലയിൽ വിനീഷിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ കല്യാണം കഴിഞ്ഞെത്തുന്നവർക്കുവേണ്ടി പഴങ്ങളും പലഹാരങ്ങളുമെല്ലാം നേരത്തെതന്നെ വിനീഷിന്റെ നേതൃത്വത്തിൽ കരുതിവെച്ചിരുന്നു.

അച്ഛൻ: വേണുഗോപാലൻ (മുൻ നഗരസഭാ ജീവനക്കാരൻ). അമ്മ: ശാരദ. സഹോദരൻ: വിശാഖ്.

ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.