ആലപ്പുഴ: സംസ്ഥാനത്ത് മാതൃമരണനിരക്ക്‌ കൂടി. ലക്ഷം പ്രസവംനടക്കുമ്പോൾ 66 അമ്മമാർ മരിക്കുന്നുണ്ടെന്നു ദേശീയ ആരോഗ്യദൗത്യത്തിന്റെ(എൻ.എച്ച്.എം.) റിപ്പോർട്ടിൽ പറയുന്നു. മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേരെടുത്ത് രണ്ടുവർഷം പിന്നിടുമ്പോഴാണു വർധന. 2021 ഏപ്രിൽമുതൽ നവംബർവരെയുള്ള കണക്കനുസരിച്ചാണ് എൻ.എച്ച്.എമ്മിന്റെ റിപ്പോർട്ട്.

ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019-ൽ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് 46 ആയിരുന്നു മാതൃമരണനിരക്ക്. ഇത്‌ 30 ആയി കുറയ്ക്കാൻ ലക്ഷ്യമിട്ടിരിക്കെയാണ് 66 ആയത്. ഈവർഷം ചിലഘട്ടങ്ങളിൽ നിരക്ക് 77 വരെയെത്തി. കോവിഡ് പകർച്ചയാണു മാതൃമരണം കൂടാൻ കാരണമെന്നാണു നിഗമനം. കോവിഡ്‌കാലം ഗർഭിണികൾക്ക് അതീവ ശ്രദ്ധവേണ്ട സമയമായിരുന്നു.

ഈവർഷം ഏപ്രിൽമുതൽ നവംബർവരെ സംസ്ഥാനത്ത് 162 മാതൃമരണമുണ്ടായി. മലപ്പുറത്താണു കൂടുതൽ. 32 പേരാണ് അവിടെ മരിച്ചത്. കുറവ് വയനാട്ടിൽ- ഒരുമരണം.

മാതൃമരണനിരക്കു കൂടുതൽ ആലപ്പുഴയിലാണ്. ലക്ഷംപേരിൽ 161 പേർ ആലപ്പുഴയിൽ മരിച്ചു. മാതൃമരണനിരക്ക് വയനാട്ടിലാണ് കുറവ്-14.

2030 ആകുമ്പോഴേക്കും രാജ്യത്തെ മാതൃമരണനിരക്ക് 70 ആക്കി കുറയ്ക്കാനാണ് ഐക്യരാഷ്ടസഭയുടെ നിർദേശം. കേരളം നേരത്തെ ഈനേട്ടം കൈവരിച്ചതിന് അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മാതൃ-ശിശു സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഗർഭിണികളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനായി ആശപ്രവർത്തകരുമുണ്ട്. എന്നിട്ടും മരണനിരക്കുയർന്നത് ആശങ്കയ്ക്കിടയാക്കുന്നു.

മാതൃമരണം, മരണനിരക്ക്(ബ്രാക്കറ്റിൽ)

തിരുവനന്തപുരം 14 (55)

കൊല്ലം 11 (78)

പത്തനംതിട്ട 4 (58)

ആലപ്പുഴ 14 (161)

കോട്ടയം 10 (86)‍

ഇടുക്കി 7 (123)

എറണാകുളം 5 (23)

തൃശ്ശൂർ 20 (88)

പാലക്കാട് 16 (84)

മലപ്പുറം 32(65)

കോഴിക്കോട് 11(45)

വയനാട് 1 (14)

കണ്ണൂർ 7 (33)

കാസർകോട് 10 (85)