കണ്ണൂർ: കോൺഗ്രസിന്റെ കനത്ത പരാജയത്തിന്റെ സാഹചര്യത്തിൽ കെ.പി.സി.സി. പ്രസിഡൻ‌റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചൊഴിയുകയോ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രിക്കെതിരേ ധർമടത്ത് മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി സി. രഘുനാഥ്.

മുല്ലപ്പള്ളി ഒഴിയണമെന്ന് ഹൈബി ഈഡൻ എം.പി.യെപ്പോലുള്ള യുവനേതാക്കൾ പറഞ്ഞുകഴിഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് എന്നനിലയിൽ കാര്യമായ ഒരു പ്രവർത്തനവും അദ്ദേഹം നടത്തിയില്ല. കടുത്ത മത്സരം നടക്കുന്ന നേമത്ത് അദ്ദേഹം തിരിഞ്ഞുനോക്കിയില്ലെന്ന് കെ. മുരളീധരൻതന്നെ പറഞ്ഞിട്ടുണ്ട്്.

ധർമടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാൻ ഒരുസ്ഥാനാർഥിയെ തീരുമാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒടുവിൽ സ്ഥാനാർഥിയുണ്ടായപ്പോൾ ചിഹ്നം തരാൻപോലും വൈകിച്ചു. വ്യക്തിപരമായ കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കലർത്തുന്നതു ശരിയല്ല.

കെ. സുധാകരൻ, കെ. മുരളീധരൻ, കെ.സി. ജോസഫ് തുടങ്ങിയവരെ കെ.പി.സി.സി. പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കണം. പ്രവർത്തിക്കുന്ന പ്രസിഡന്റാണ് ഇപ്പോൾ കോൺഗ്രസിനാവശ്യമെന്നും സി. രഘുനാഥ് പറഞ്ഞു.