തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിലെ പരാജയം പഠിക്കാൻ ബി.ജെ.പി.യുടെ ജില്ല, മണ്ഡലം സമിതികൾ അടിയന്തരമായി യോഗം ചേരും. ഏതാനും മണ്ഡലങ്ങളിൽ വോട്ടുകൂടിയെങ്കിലും ഭൂരിപക്ഷം സ്ഥാനാർഥികൾക്കും വോട്ടുകുറഞ്ഞതിന്റെ കാരണം പരിശോധിക്കാനൊരുങ്ങുകയാണ് പാർട്ടി. വോട്ടുചോർച്ച പാർട്ടിക്കുള്ളിൽ ആഭ്യന്തര പോരിനു തുടക്കമിട്ടിരിക്കുകയാണ്.

എൻ.ഡി.എ.യുടെയും ഘടകക്ഷികളുടെയും പ്രകടനം പ്രത്യേകം പരിശോധിക്കും. ബി.ഡി.ജെ.എസിന്റെ പ്രകടനത്തിൽ കഴിഞ്ഞദിവസത്തെ യോഗത്തിൽ വിലയിരുത്തലുണ്ടായി. ഘടകകക്ഷിയെന്ന നിലയിൽ ബി.ഡി.ജെ.എസ്. വേണ്ടത്ര ഉയർന്നില്ലെന്നാണ് ബി.ജെ.പി.യുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിലും ഒരു മുന്നേറ്റവും ഇവർക്കുണ്ടാക്കാനായില്ല.

ജില്ല, മണ്ഡലം സമിതികളുടെ യോഗത്തിനുശേഷം വീണ്ടും കോർകമ്മിറ്റിയും ഒപ്പം സംസ്ഥാന സമിതിയും ചേരും. ജില്ലാ യോഗങ്ങളിൽ കോർകമ്മിറ്റിയംഗങ്ങളും സംസ്ഥാനനേതാക്കളും പങ്കെടുക്കും. കോവിഡ് കണക്കിലെടുത്ത് കോർകമ്മിറ്റി യോഗം ഓൺലൈനായി ചേരുന്നതാണ് പരിഗണിക്കുന്നത്.

തിങ്കളാഴ്ചത്തെ കോർകമ്മിറ്റി യോഗം പ്രാഥമിക വിലയിരുത്തൽ നടത്തിയതല്ലാതെ മറ്റു വിഷയങ്ങളിലേക്കു കടന്നില്ല. നേതൃമാറ്റം സംസ്ഥാനകമ്മിറ്റി ചർച്ചചെയ്യുന്ന പതിവില്ലെന്നും ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനപ്രസിഡന്റ് എന്നനിലയിൽ തനിക്കാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞുകഴിഞ്ഞു. ബാക്കിയെല്ലാം കേന്ദ്രഘടകം തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാൽ, പാർട്ടിക്ക് കടുത്ത പരാജയം നേരിട്ടതോടെ സംസ്ഥാനനേതൃത്വത്തിനെതിരേ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ വോട്ടുചോർച്ച, വോട്ടുമറിക്കൽ ആരോപണങ്ങളും സി.പി.എമ്മും കോൺഗ്രസും ബി.ജെ.പി.ക്കെതിരേ ഉന്നയിച്ചിട്ടുണ്ട്.