മാങ്കുളം: പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്‌തതയിലേക്ക്. കഴിഞ്ഞ പത്ത് ദിവസത്തെ ശരാശരി ഉത്പാദനം 14 ലക്ഷം ലിറ്റർ കടന്നപ്പോൾ വിൽപ്പനയും അത്ര തന്നെ വരുന്നു. തൈരും പാൽ ഉത്‌പന്നങ്ങളും നിർമിക്കാൻ ആവശ്യമായ പാൽ മാത്രമാണ് ഇപ്പോൾ പുറത്തുനിന്ന് വാങ്ങുന്നത്.നല്ല വിൽപ്പന ഉള്ളതിനാൽ പാൽ പൊടിയാക്കാൻ കൊണ്ടുപോവുന്നത് നിർത്തി.

ഫെബ്രുവരി മുതൽ ഉത്പാദനം നല്ലരീതിയിൽ കൂടുന്നുണ്ട്.മലബാർ മേഖലാ യൂണിയനിൽ 6.6 ലക്ഷം ലിറ്റർ ആണ് ദിവസവും സംഭരിക്കുന്നത്.എറണാകുളം യൂണിയനിൽ 3.4 ലക്ഷം ലിറ്ററും തിരുവനന്തപുരത്ത് 4.1 ലക്ഷം ലിറ്ററും ആണ് സംഭരണം.മിൽമയുടെ കീഴിലുള്ള സൊസൈറ്റികളുടെ കണക്ക് മാത്രമാണ് ഇത്.മിൽമയിൽ അംഗമല്ലാത്ത നിരവധി പരമ്പരാഗത സംഘങ്ങളും പാൽ സംഭരിക്കുന്നുണ്ട്. കേരളത്തിൽ പ്രതിദിന പാൽ ഉപയോഗം 13 മുതൽ 14 ലക്ഷം ലിറ്റർ വരെയാണ്. ഇത്രയും പാൽ ഇവിടെനിന്നുതന്നെ സംഭരിക്കുന്നതിനാൽ പാലിൽ സ്വയംപര്യാപ്തത കൈവരിച്ചതായി മിൽമ അധികൃതർ പറഞ്ഞു.

മിൽമയുടെ കീഴിൽ 3000-ൽ കൂടുതൽ സംഘങ്ങൾ ഉണ്ട്.പത്ത് ലക്ഷത്തിന് അടുത്ത് ക്ഷീരകർഷകരും. ചോക്ലേറ്റ്, ഐസ്ക്രീം ഉൾപ്പെടെ വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ മാത്രം ദിവസവും 35,000 ലിറ്റർ പാൽ പുറത്തുനിന്ന് വാങ്ങുന്നുണ്ട്.ഇതല്ലാതെ ദൈനംദിന ആവശ്യങ്ങൾക്ക് പുറത്തുനിന്ന് പാൽ വാങ്ങുന്നത് ഒഴിവാക്കാവുന്ന സ്ഥിതിയിൽ എത്തി.

ചൂട് തുടങ്ങിയതിനാൽ പാലിന് നല്ല ഡിമാൻഡ് ഉണ്ട്. ചൂട് കനക്കുന്നതോടെ ഉത്പാദനം കുറയും. അപ്പോൾ ആവശ്യം കൂടിയാൽ മാത്രമേ പുറത്തുനിന്ന് വാങ്ങുന്നത് ആലോചിക്കേണ്ടതുള്ളൂ. ഓണം,വിഷു സീസണിൽ ആണ് പാലിന് ഏറ്റവും അധികം ഡിമാൻഡ്. ബാക്കി മാസങ്ങളിൽ ഇപ്പോൾ പാൽ അധികം വരുന്നത് പരിഗണിച്ചാണ് മലപ്പുറത്ത് മിൽമയുടെ നേതൃത്വത്തിൽ പാൽപ്പൊടി നിർമാണ യൂണിറ്റ് ആരംഭിച്ചത്.അതിന്റെ നിർമാണം തുടങ്ങി.ജനുവരി അവസാനം വരെ അധികം വരുന്ന പാൽ തമിഴ്നാട് കൊണ്ടുപേയി പൊടി ആക്കിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്നതിന് ചെലവ് അധികം വരുന്നുണ്ട്.മലപ്പുറത്തെ യൂണിറ്റ് പ്രവർത്തനം തുടങ്ങിയാൽ പൊടിയാക്കാനുള്ള ചെലവ് കുറയും.ഉത്പാദനം കുറയുമ്പോൾ ഈ പൊടി നമുക്ക് ഉപയോഗിക്കാനും സാധിക്കും.