കോട്ടയം: പൂഞ്ഞാറിൽ രാഷ്ടീയമത്സരത്തിന് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് സി.പി.എമ്മിനുള്ളിൽ അഭിപ്രായം. പി.സി.ജോർജിനെതിരേ മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.ജെ.തോമസിന് സാധ്യത കൽപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. അതേസമയം സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വമാണ് എടുക്കുന്നതെന്ന് കെ.ജെ.തോമസ് കോട്ടയത്ത് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന് ശേഷം പ്രതികരിച്ചു.

പൂഞ്ഞാറിൽ കഴിഞ്ഞ തവണ പി.സി.ജോർജിനെതിരേ ഇടതുമുന്നണിക്ക് തന്ത്രപരമായ പാളിച്ചപറ്റിയെന്ന് പിന്നീട് വിലയിരുത്തലുണ്ടായി. അവസാനംവരെ ഇടത് സ്ഥാനാർഥി പി.സി.ജോർജ് എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകിയെങ്കിലും വൈകിയിരുന്നു. ഇടത് അണികൾ ജോർജിനൊപ്പമായിരുന്നുവെന്ന് വിലയിരുത്തി.

ഇത്തരം പാളിച്ചകൾ ഒഴിവാക്കാൻ പാർട്ടി സ്ഥാനാർഥി വേണമെന്ന നിർദേശമാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്. മണ്ഡലം അവലോകനത്തിൽ സി.പി.ഐ.യും പൂഞ്ഞാറിൽ രാഷ്ടീയമത്സരം വേണമെന്ന് നിർദേശിച്ചിരുന്നു. സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത ജില്ലാ നേതൃയോഗത്തിലും ഇതേ അഭിപ്രായം വന്നിരുന്നു.

തുടർച്ചയായി രാഷ്ടീയമത്സരം ചിഹ്നത്തിൽ ഇല്ലാതെ വരുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടാണ് ഇടത്‌ പ്രാദേശിക നേതൃത്വങ്ങൾക്കുമുള്ളത്.

ജില്ലയിൽ ഒൻപത് സീറ്റുള്ളതിൽ കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവയ്ക്കുപുറമേ പൂഞ്ഞാർ കൂടി കിട്ടിയാൽ നാല് സീറ്റ് സി.പി.എമ്മിന് കിട്ടും. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി എന്നിവയും സി.പി.ഐ.ക്ക്‌ വൈക്കം, ചങ്ങനാശ്ശേരി എന്നിവയും ആകാം. ചങ്ങനാശ്ശേരി ജനാധിപത്യ കേരള കോൺഗ്രസും ആവശ്യപ്പെടുന്നുണ്ട്.